ജെറുസലേം : യഹിയ സിൻവറിനെ കൊലപ്പെടുത്തിയതിലൂടെ ഹമാസിനെ തോൽപ്പിക്കാൻ ആകില്ലെന്ന് ഹമാസ് വക്താവ് ഖലീൽ അൽ ഹയ്യ. എന്തുവന്നാലും ജെറുസലേം തലസ്ഥാനമാക്കി പലസ്തീൻ രാഷ്ട്രം സ്ഥാപിക്കുക തന്നെ ചെയ്യും എന്നും ഹമാസ് വക്താവ് അറിയിച്ചു. അൽ ജസീറ ചാനലിലൂടെ പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് ഖലീൽ അൽ ഹയ്യ ഇക്കാര്യം വ്യക്തമാക്കിയത്.
മഹാനായ ഞങ്ങളുടെ നേതാവിന്, രക്തസാക്ഷിയായ യഹിയ സിൻവാറിന് അനുശോചനങ്ങൾ രേഖപ്പെടുത്തുന്നു എന്ന് അറിയിച്ചുകൊണ്ട് പങ്കുവെച്ച വീഡിയോ സന്ദേശത്തിലൂടെയാണ് ഹമാസ് വക്താവ് സിൻവാറിന്റെ മരണം സ്ഥിരീകരിച്ചത്. എന്നാൽ സിൻവാർ മരിച്ചു എന്ന് കരുതി ഹമാസ് പോരാട്ടം നിർത്തില്ല എന്നും ഖലീൽ അൽ ഹയ്യ തന്റെ സന്ദേശത്തിൽ അറിയിച്ചു. ഗാസയിലെ യുദ്ധം അവസാനിക്കുന്നത് വരെ ബന്ധികളെ വിട്ടയക്കില്ല. ഹമാസിന് ഉടൻ തന്നെ പുതിയ മേധാവിയെ പ്രഖ്യാപിക്കും എന്നും ഖലീൽ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം ഗാസയിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്നുപേരായിരുന്നു കൊല്ലപ്പെട്ടിരുന്നത്. ഇതിൽ ഒരാൾ ഒക്ടോബർ 7 കൂട്ടക്കൊലയുടെ പ്രധാന ബുദ്ധികേന്ദ്രമായിരുന്ന യഹിയ സിൻവാർ ആണെന്ന് സംശയിക്കുന്നതായി ഇസ്രായേൽ പ്രതിരോധ സേന ആദ്യം തന്നെ വ്യക്തമാക്കിയിരുന്നു. തുടർന്ന് മൃതദേഹത്തിന്റെ ഡിഎൻഎ പരിശോധന നടത്തിയ ശേഷമാണ് കൊല്ലപ്പെട്ടത് യഹിയ സിൻവാർ തന്നെയാണെന്ന് ഇസ്രായേൽ സ്ഥിരീകരിച്ചത്.
റഫയിലെ താൽ അൽ സുൽത്താനിൽ വച്ചാണ് യഹിയ സിൻവാർ ഇസ്രായേൽ പ്രതിരോധ സേനയുടെ കൈകളാൽ കൊല്ലപ്പെട്ടത്. മിസൈൽ ആക്രമണത്തിനുശേഷം കെട്ടിടങ്ങളുടെ മറവിലൂടെ രക്ഷപ്പെടാൻ ശ്രമിച്ച് ഒളിച്ചിരുന്ന സിൻവാർ അടക്കം മൂന്നു പേരെ ഡ്രോൺ ഉപയോഗിച്ച് കണ്ടെത്തിയാണ് ഇസ്രായേൽ സൈന്യം കൊലപ്പെടുത്തിയത്. ഇറാൻ പടുത്തുയർത്തിയ ഭീകരവാദത്തിന്റെ അച്ചുതണ്ട് തകർന്നടിഞ്ഞു എന്നായിരുന്നു യഹിയ സിൻവാറിന്റെ മരണത്തെ തുടർന്ന് നടത്തിയ ഔദ്യോഗിക പ്രസ്താവനയിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കിയത്.
Discussion about this post