കണ്ണൂർ: പൊതുമധ്യത്തിൽ വച്ച് അപമാനിച്ചതിനെ തുടർന്ന് തന്റെ കുത്തുവാക്കുകളിൽ മനംനൊന്ത് ജീവനൊടുക്കിയ നവീൻ ബാബുവിനെതിരെ വീണ്ടും അധിക്ഷേപം തുടർന്ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യ.
ഇന്നലെ കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് എ.ഡി.എം നവീനിനെതിരായ ആക്ഷേപങ്ങൾ. അതേസമയം അഴിമതിയും കൃത്യനിർവഹണത്തിലെ വീഴ്ചയും ചൂണ്ടിക്കാണിച്ച മാതൃകാ ജനപ്രതിനിധിയാണ് താനെന്ന് സ്വയം പുകഴ്ത്താനും പി പി ദിവ്യ മടിക്കുന്നില്ല.
നവീൻ ഫയലുകൾ വച്ചു താമസിപ്പിക്കുന്നെന്ന പരാതി നേരത്തെയുണ്ട്. പെട്രോൾ പമ്പിന് അപേക്ഷിച്ച പ്രശാന്തൻ മാത്രമല്ല, ഗംഗാധരൻ എന്നയാളും പരാതി പറഞ്ഞിട്ടുണ്ട്. ഫയൽ വേഗം തീർപ്പാക്കണമെന്ന് ചൂണ്ടിക്കാട്ടിയതാണ് താൻ എന്നൊക്കെയാണ് ദിവ്യയുടെ വാദങ്ങൾ. എന്നാൽ വേണ്ടപ്പെട്ട രേഖകൾ കിട്ടാൻ എടുത്ത കാലതാമസം മാത്രമാണ് ഉണ്ടായതെന്നും, അനുബന്ധ രേഖകൾ കിട്ടിയതിന് ശേഷം വെറും ആറു ദിവസം മാത്രമാണ് ഫയൽ നവീൻ ബാബുവിന്റെ കൈവശം ഉണ്ടായതെന്നും കളക്ടർ റിപ്പോർട്ട് കൊടുത്തിട്ടുണ്ട്.
അതേസമയം അറസ്റ്റ് സാദ്ധ്യത ഭയന്ന് പി.പി. ദിവ്യ ഒളിവിൽ പോയിരിക്കുകയാണെന്നാണ് നിലവിൽ ലഭ്യമായ വിവരം . മരിച്ച നവീൻ അഡിഷണൽ ജില്ലാ മജിസ്ട്രേട്ട് ആയതിനാൽ ജാമ്യം ലഭിക്കാൻ സാദ്ധ്യത കുറവെന്ന നിയമോപദേശത്തെ തുടർന്നാണത്രെ മുൻകരുതൽ. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
Discussion about this post