ക്രിക്കറ്റ് ആരാധകരും പ്രേക്ഷകരും ഓരോ വർഷവുമുള്ള ഐസിസി ടൂർണമെന്റുകൾ കാരണം വിരസത അനുഭവിക്കുന്നു എന്നും മാറ്റങ്ങൾ അനിവാര്യം ആണെന്നും ഉള്ള അഭിപ്രയവുമായി മുൻ താരം റോബിൻ ഉത്തപ്പ. ഫ്രാഞ്ചൈസി അധിഷ്ഠിത ടി20 ലീഗുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ അന്താരാഷ്ട്ര ടൂർണമെന്റുകൾ തമ്മിലുള്ള ഇടവേള വർദ്ധിപ്പിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
തുടർച്ചയായി ഐസിസി ഇവന്റുകൾ നടക്കുന്നത് ലോകകപ്പുകളുടെ സവിശേഷതയും ആവേശവും ഇല്ലാതാക്കുന്നു. പണ്ട് ലോകകപ്പുകൾക്കായി ആരാധകർ കാത്തിരുന്ന ആ ഒരു ആകാംക്ഷ ഇപ്പോൾ ഇല്ലാതാകുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ർണമെന്റുകൾ സംഘടിപ്പിക്കുന്ന രീതിയിൽ ഐസിസി മാറ്റം വരുത്തണം എന്നും മത്സരങ്ങളുടെ എണ്ണം കുറച്ച്, അവയുടെ ഗുണനിലവാരത്തിലും മൂല്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് ഉത്തപ്പയുടെ പക്ഷം.
“ഒരു ഐസിസി ചാമ്പ്യൻഷിപ്പ് വിജയിക്കുമ്പോൾ ലഭിക്കുന്ന അന്തസ്സും ആവേശവും അതിന്റെ പൂർണ്ണരൂപത്തിൽ നിലനിർത്തണമെങ്കിൽ, അത് ഇടയ്ക്കിടെ സംഭവിക്കുന്ന ഒന്നായി മാറരുത്. അമിതമായ മത്സരങ്ങൾ കളിക്കാരെയും ആരാധകരെയും മടുപ്പിക്കുന്നു. അതിനാൽ ഐസിസി ഇവന്റുകളുടെ എണ്ണം നിയന്ത്രിക്കേണ്ടത് ക്രിക്കറ്റിന്റെ ഭാവിക്ക് ആവശ്യമാണ്.” അദ്ദേഹം പറഞ്ഞു.
ഐസിസി ടൂർണമെന്റുകളുടെ എണ്ണം വർദ്ധിക്കുന്നതിനെക്കുറിച്ച് റോബിൻ ഉത്തപ്പ പങ്കുവെച്ച അതേ ആശങ്കകൾ തന്നെയാണ് പ്രമുഖ ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിനും നേരത്തെ പ്രകടിപ്പിച്ചിട്ടുള്ളത്. ലോകകപ്പ് എന്നത് ഒരു താരത്തിന്റെ കരിയറിലെ ഏറ്റവും വലിയ നാഴികക്കല്ലായിരിക്കണം. എന്നാൽ എല്ലാ വർഷവും ലോകകപ്പുകൾ വരുമ്പോൾ, ഒരു ലോകകപ്പ് ജയിച്ചു എന്നതിന്റെ ആവേശം അടുത്ത ടൂർണമെന്റ് തുടങ്ങുന്നതോടെ അവസാനിക്കുന്നു. ഇത് ലോകകപ്പിന്റെ വില കുറയ്ക്കുന്നു എന്നാണ് അശ്വിൻ പറഞ്ഞത്.













Discussion about this post