കോട്ടയം: അത്യപൂര്‍വ്വ ആകാശകാഴ്ച്ചയ്ക്ക് സാക്ഷിയായി കോട്ടയം 80,000 വര്‍ഷത്തില്‍ ഒരിക്കല്‍മാത്രം സൂര്യനും ഭൂമിക്കും അടുത്തെത്തുന്ന സുചിന്‍ഷാന്‍-അറ്റ്ലസ് വാല്‍നക്ഷത്രം ആകാശത്ത് ദൃശ്യമായി. കഴിഞ്ഞദിവസം കോട്ടയം കൂരോപ്പട മാതൃമല ക്ഷേത്രവളപ്പില്‍നിന്ന് നക്ഷത്രത്തെ വ്യക്തമായി കാണാന്‍ കഴിഞ്ഞത്.
2023-ലാണ് ശാസ്ത്രജ്ഞര്‍ ഈ നക്ഷത്രത്തെ ആദ്യമായി കണ്ടെത്തിയത്. ഒക്ടോബര്‍ 12 മുതല്‍ സൂര്യാസ്തമയത്തിനുശേഷം പടിഞ്ഞാറന്‍ ആകാശത്ത് ഈ വാല്‍നക്ഷത്രം പല സ്ഥലങ്ങളിലും നിന്ന് ദൃശ്യമായിരുന്നു. കേരളത്തിലെ പ്രതികൂലകാലാവസ്ഥമൂലം വ്യാഴാഴ്ചമാത്രമാണ് ഇത് കാണാനായത്. അനുകൂലകാലാവസ്ഥയാണെങ്കില്‍ മങ്ങിയനിലയില്‍ കാണാന്‍ കഴിയും. എന്നാല്‍, ടെലസ്‌കോപ്പോ ബൈനോക്കുലറോ ഫോണ്‍ക്യാമറയോ ഉപയോഗിച്ചാണെങ്കില്‍ കൂടുതല്‍ വ്യക്തമായി കാണാം.
തെളിഞ്ഞ ആകാശമാണെങ്കില്‍ അടുത്ത മൂന്നുദിവസംകൂടി ഇത് കാണാം. അതിവേഗം സഞ്ചരിക്കുന്ന ഈ നക്ഷത്രം സൗരയൂഥത്തിന് പുറത്തേക്ക് കടക്കുന്നതിനാല്‍ പിന്നീട് കാണാന്‍ കഴിയില്ല.ആസ്‌ട്രോഫിസിക്‌സ് വിദ്യാര്‍ഥിയായ കോട്ടയം പള്ളിക്കത്തോട് ആനിക്കാട് ശ്രീരഞ്ജനയില്‍ എ.നിരഞ്ജനാണ്, കൂരോപ്പട മാതൃമല ക്ഷേത്രത്തിന് സമീപത്തുനിന്ന് വ്യാഴാഴ്ച ഈ വാല്‍നക്ഷത്രത്തിന്റെ ചിത്രം പകര്‍ത്തിയത്.
ഐസും പാറയും പൊടിപടലങ്ങളും അടങ്ങിയ ചെറിയ വസ്തുക്കളാണ് വാല്‍നക്ഷത്രങ്ങള്‍. സൂര്യനുസമീപം എത്തുമ്പോള്‍ ഇവയില്‍നിന്ന് പുറന്തള്ളുന്ന പൊടിയും വാതകങ്ങളുമാണ്, ഭൂമിയില്‍നിന്ന് നോക്കുമ്പോള്‍ ‘വാല്‍’ ആയി കാണുന്നത്.
Discussion about this post