ന്യൂഡൽഹി: നടിയെ ബലാത്സം ചെയ്ത കേസിൽ നടൻ സിദ്ദിഖിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ. നടൻ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും, അതിനാൽ നടനെ കസ്റ്റഡിയിൽ വേണമെന്നും സർക്കാർ കോടതിയെ അറിയിച്ചു. സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് സർക്കാർ നൽകിയ ഹർജിയിലാണ് ഇക്കാര്യങ്ങൾ ഉള്ളത്.
സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ല. ചോദ്യം ചെയ്യലിൽ അവ്യക്തമായ ഉത്തരങ്ങളാണ് നൽകുന്നത്. പലതും മറന്നു പോയി എന്നും സിദ്ദിഖ് പറയുന്നു. ചോദ്യം ചെയ്യലിന് ഹാജരാകുമ്പോൾ ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ കൈമാറാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതും ചെയ്തില്ല. ചരിത്രം സിദ്ദിഖിനെ നായകനായി വാഴ്ത്തുന്നതിന് മുൻപ് കള്ളത്തരം പുറത്തു കൊണ്ടുവരണമെന്നും സർക്കാർ സുപീംകോടതിയെ അറിയിച്ചു.
അന്വേഷണ സംഘവുമായി സഹകരിക്കണം എന്നതുൾപ്പെടെയുള്ള കർശന വ്യവസ്ഥകളോട് കൂടിയാണ് സിദ്ദിഖിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. ഇതിന് പിന്നാലെ അദ്ദേഹത്തെ രണ്ട് തവണ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ആവശ്യപ്പെട്ട രേഖകൾ ഹാജരാക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് ആദ്യ ദിനത്തിൽ വേണ്ട രീതിയിൽ ചോദ്യം ചെയ്യൽ പൂർത്തിയാക്കാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിരുന്നില്ല. തുടർന്ന് അദ്ദേഹത്തോട് വീണ്ടും ഹാജരാകാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ പിന്നീടും അദ്ദേഹം രേഖകൾ ഹാജരാക്കിയിരുന്നില്ല.
ഈ സാഹചര്യത്തിൽ സിദ്ദിഖിന്റെ ജാമ്യം തുടരുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും സർക്കാർ റിപ്പോർട്ടിൽ പറയുന്നുണ്ട്. പുറത്ത് നിൽക്കുന്ന സിദ്ദിഖ് സാക്ഷികളെ സ്വാധീക്കാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ട്. പണം കൊണ്ടും സ്വാധീനം കൊണ്ട് കേസ് അട്ടിമറിയ്ക്കും. അതിനാൽ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യാൻ അനുവദിക്കണം എന്നും സർക്കാർ അറിയിച്ചു.
Discussion about this post