ന്യൂഡല്‍ഹി: ഛത്രപതി ശിവജിയുടെ അഖണ്ഡ ഭാരതമെന്ന ആശയത്തിലുമൂന്നി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ പുതിയ സെന്റര്‍ ആരംഭിക്കുന്നു. ശിവജിയുടെ അഖണ്ഡ ഭാരത്, ഹൈന്ദവി സ്വരാജ് എന്ന മഹത്തായ ആശയങ്ങളെക്കുറിച്ച് ആഴത്തില്‍ പഠിക്കുന്നതിനുള്ള അവസരമാണ് പ്രധാനമായും സെന്റര്‍ ലക്ഷ്യമിടുന്നത്.
ഈ ആശയത്തെക്കുറിച്ച് ജെന്‍എന്‍യുവിന്റെ അന്താരാഷ്ട്ര പഠനവിഭാഗത്തിന്റെ ഡീനായ പ്രൊഫസര്‍ അമിതാഭ് മാറ്റു പറയുന്നതിങ്ങനെ
വൈസ് ചാന്‍സലറിന്റെയും ചില ഫാക്കല്‍റ്റി അംഗങ്ങളുടെയും മനസ്സിലാണ് ഇതു സംബന്ധിച്ച് ആദ്യം ആശയങ്ങള്‍ രൂപപ്പെട്ടത്. മഹാരാഷ്ട്ര ഗവര്‍മെന്റും ഇതില്‍ പങ്കുചേരുകയായിരുന്നു. അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയമാകുന്ന നയങ്ങളാണ് ഛത്രപതി ശിവജി നടപ്പിലാക്കിയിരുന്നത്. അത് എക്കാലത്തും പ്രസക്തിയുള്ളതുകൂടിയാണ് റഷ്യക്കാരും ചൈനാക്കാരുമായ ധാരാളം മഹത്വ്യക്തികളെയും അവരുടെ ആശയങ്ങളെയും നമ്മള്‍ പഠിപ്പിക്കുന്നുണ്ട് മാത്രമല്ല ചാണക്യനും കൗടില്യനുമൊക്കെ പാഠ്യപദ്ധതിയുടെ ഭാഗമാകും അപ്പോള്‍ നിശ്ചയമായും മഹാനായ ഛത്രപതിയെക്കുറിച്ചും അദ്ദേഹത്തിന്റെ ആശയങ്ങളെക്കുറിച്ചും ലോകം കേള്‍ക്കണം അദ്ദേഹം വ്യക്തമാക്കി.
അഖണ്ഡ ഭാരതം എന്ന അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാട് തന്നെ എത്ര മഹത്തരമാണ്. അതൊക്കെ നിലവിലെ സാഹചര്യത്തില്‍ ചര്‍ച്ചയാവുക തന്നെ വേണം അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭാരതീയ വിജ്ഞാന സംവിധാനങ്ങളില്‍ മാതൃകാപരമായ മാറ്റമുണ്ടാക്കാനും രാഷ്ട്ര സുരക്ഷയുടെയും തന്ത്രപരമായ ചിന്തയുടെയും പഠനത്തിന് ബദല്‍ മാതൃകകള്‍ തീര്‍ക്കാനും ലക്ഷ്യമിട്ടാണ് ഛത്രപതി ശിവജിയുടെ പേരില്‍ സെന്റര്‍ സ്ഥാപിക്കുന്നതെന്ന് ജെഎന്‍യു വൈസ് ചാന്‍സലര്‍ ശാന്തിശ്രീ ധുലിപ്പുടി പണ്ഡിറ്റും വ്യക്തമാക്കി.
നാവിക തന്ത്രം, ഒളി യുദ്ധം എന്നിവയില്‍ സെന്റര്‍ ശ്രദ്ധ കേന്ദ്രീകരിക്കും. മഹാരാഷ്ട്ര സര്‍ക്കാര്‍ ഈ പഠന കേന്ദ്രത്തിന് 10 കോടി രൂപ നല്കി. ഇതു പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കും ഗവേഷണ പദ്ധതികള്‍ക്കും സഹായകമാകും. അടുത്ത സെമസ്റ്ററോടെ സെന്റര്‍ തുടങ്ങും.
Discussion about this post