ന്യൂഡൽഹി: ദാന ചുഴലിക്കാറ്റ് രൂപപ്പെടാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ അതീവ ജാഗ്രതയിൽ രാജ്യം. ബംഗാൾ, ഒഡീഷ എന്നീ സംസ്ഥാനങ്ങളിൽ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു. ബംഗാൾ ഉൾക്കടലിൽ രൂപം കൊള്ളുന്ന കാറ്റ് പശ്ചിമ ബംഗാളിനെയാകും കൂടുതൽ ബാധിയ്ക്കുകയെന്ന വിലയിരുത്തലിലാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തമിഴ്‌നാട് തീരവും അതീവ ജാഗ്രതയിലാണ്.
നിലവിലെ പ്രവചനങ്ങൾ പ്രകാരം ബുധനാഴ്ചയാണ് ചുഴലിക്കാറ്റ് രൂപപ്പെടുക. ഇതിന് മുന്നോടിയായി രൂപപ്പെട്ട ന്യൂനമർദ്ദം തീവ്രത പ്രാപിക്കുന്നുണ്ട്. നാളെ വൈകീട്ടോടെ ഇത് വീണ്ടും ശക്തിപ്രാപിക്കും. ശേഷം ബുധനാഴ്ചയോടെ ചുഴലിക്കാറ്റായി മാറും.
ഈ വർഷത്തെ ഏറ്റവും ശക്തിയേറിയ ചുഴലിക്കാറ്റാണ് ദാന. ഇതാണ് ഇന്ത്യയെ സംബന്ധിച്ച് ആശങ്ക ഇരട്ടിയാക്കുന്നത്. ബംഗാൾ വഴിയോ ഒഡീഷ വഴിയോ ചുഴലിക്കാറ്റ് കരയിലേക്ക് പ്രവേശിക്കാനാണ് സാദ്ധ്യത. ഈ വേളയിൽ അതിശക്തമായ കാറ്റും മഴയും ഉണ്ടാകും. വ്യാഴാഴ്ച രാവിലെയോടെ മഴയും കാറ്റും കൂടുതൽ ശക്തമാകും. മണിക്കൂറിൽ 120 കിലോ മീറ്റർ വേഗതയിൽ ആയിരിക്കും കാറ്റിന്റെ സഞ്ചാരം.
മഴയുടെ സാഹചര്യത്തിൽ ഇരു സംസ്ഥാനങ്ങളിലെയും തീര ദേശ ജില്ലകളിൽ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലെ തീര മേഖലയിലും ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്താൻ നിർദ്ദേശം ഉണ്ട്. തീരത്ത് താമസിക്കുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ ആരംഭിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകുന്നതിനും വിലക്ക് ഏർപ്പെടുത്താനാണ് തീരുമാനം. അടിയന്തിര സാഹചര്യം നേരിടാൻ ദുരന്തനിവാരണ പ്രവർത്തകരെയും വിന്യസിക്കും.
Discussion about this post