ഹരിയാനയിലെ റെവാരിയിലെ പ്രാണപുര ഗ്രാമത്തിൽ ജനിച്ചു വളർന്ന വികാഷ് യാദവ് എന്ന 39 വയസ്സുകാരൻ ഇപ്പോൾ അമേരിക്കൻ അന്വേഷണ ഏജൻസിയായ എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുകയാണ്. ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഖാലിസ്ഥാൻ അനുകൂല വിഘടനവാദ സംഘടനയായ സിഖ് ഫോർ ജസ്റ്റിസ് ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നുവിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയിൽ വികാഷിന് പങ്കുണ്ടെന്നാണ് എഫ്ബിഐ ആരോപണമുന്നയിക്കുന്നത്. ആരാണ് യഥാർത്ഥത്തിൽ ഈ വികാഷ് യാദവ് എന്നാണ് ഇപ്പോൾ ജനങ്ങൾക്കിടയിൽ ചോദ്യമുയർന്നിരിക്കുന്നത്.
39 വയസുകാരനായ വികാഷ് യാദവ് പ്രധാനമന്ത്രിയുടെ ഓഫിസിന്റെ ഭാഗമായ കാബിനറ്റ് സെക്രട്ടേറിയറ്റില്‍ ജോലി ചെയ്തിരുന്ന വ്യക്തിയാണെന്ന് പറയപ്പെടുന്നു. റോയിലെ മുൻ ഉദ്യോഗസ്ഥൻ ആണെന്നും സുരക്ഷാ വിഭാഗത്തിലും കൗണ്ടർ ഇന്റലിജൻസ് വിഭാഗത്തിലും ഫീൽഡ് ഓഫീസറായി ജോലി ചെയ്തിട്ടുള്ള വ്യക്തിയാണെന്നും പറയപ്പെടുന്നു. എന്നാൽ ഇക്കാര്യങ്ങൾ ഒന്നും ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളവയല്ല. ഹരിയാനയിലെ അദ്ദേഹത്തിന്റെ കുടുംബത്തിന് പോലും ഇക്കാര്യങ്ങളെ കുറിച്ചൊന്നും യാതൊരു അറിവും ഇല്ല.
വികാഷ് യാദവ് ഇന്ത്യയുടെ റിസർച്ച് ആൻഡ് അനാലിസിസ് വിംഗ് സ്‌പൈ സർവീസിലെ ഉദ്യോഗസ്ഥനായിരുന്നുവെന്നാണ് എഫ്ബിഐ സമർപ്പിച്ചിട്ടുള്ള കുറ്റപത്രത്തിൽ പറയുന്നത്. എന്നാൽ അദ്ദേഹത്തിന്റെ കുടുംബത്തിന് അറിയാവുന്നതും ഇന്ത്യൻ സർക്കാർ ഇതുവരെ പുറത്തുവിട്ടിട്ടുള്ളതുമായ ഔദ്യോഗിക വിവരങ്ങൾ അനുസരിച്ച് വികാഷ് യാദവ് ഒരു സിആർപിഎഫ് ഉദ്യോഗസ്ഥൻ ആയിരുന്നു. 2009ലാണ് അദ്ദേഹം പട്ടാളത്തിൽ ചേർന്നത്. വികാഷ്
യാദവിൻ്റെ പിതാവ് 2007-ൽ മരിക്കുന്നതുവരെ ഇന്ത്യയുടെ അതിർത്തി സേനയിലെ ഉദ്യോഗസ്ഥനായിരുന്നു. സഹോദരൻ ഹരിയാന പോലീസിലെ ഉദ്യോഗസ്ഥനാണ്. 2007-ൽ, കംബൈൻഡ് ഡിഫൻസ് സർവീസസ് (സിഡിഎസ്) പരീക്ഷയും അഭിമുഖവും പാസായ ശേഷമാണ് വികാഷ് സിആർപിഎഫിൽ കമാൻഡൻ്റായി റിക്രൂട്ട് ചെയ്യപ്പെട്ടത്.
സിആർപിഎഫിൽ സേവനമനുഷ്ഠിക്കാൻ തുടങ്ങിയ അന്നുമുതൽ വികാഷ് യാദവ് പുറത്തുതന്നെയാണെന്ന് അദ്ദേഹത്തിന്റെ കുടുംബം വ്യക്തമാക്കുന്നു. ചില ചടങ്ങുകൾക്ക് മാത്രമാണ് അദ്ദേഹം ഹരിയാനയിലെ കുടുംബ വീട്ടിലേക്ക് വന്നിരുന്നത്.
വികാഷിന് അവൻ്റെ ഗ്രാമത്തിൽ അമ്മയും ജ്യേഷ്ഠനും അമ്മാവനും മാത്രമേ ഉള്ളൂ. വികാഷും കുടുംബവും എവിടെയാണെന്ന് ഹരിയാനയിലെ കുടുംബത്തിന് അറിയില്ല. അദ്ദേഹം വിവാഹിതനായെന്നും കഴിഞ്ഞ വർഷം അദ്ദേഹത്തിന് ഒരു മകളുണ്ടായി എന്നും മാത്രമാണ് ആകെ അറിയാവുന്ന വിവരം. പുസ്‌തകങ്ങളിലും അത്‌ലറ്റിക്‌സിലും താൽപ്പര്യമുള്ള ശാന്തനായ കുട്ടിയായിരുന്നു ചെറുപ്പത്തിൽ വികാഷെന്ന് അദ്ദേഹത്തിന്റെ അമ്മ അറിയിച്ചു. ദേശീയതലത്തിൽ തന്നെ മികച്ച മാർക്ക് വാങ്ങിയാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. തുടർന്ന് സൈന്യത്തിൽ ചേരുകയായിരുന്നു. ഇപ്പോൾ വികാഷ് എവിടെയാണെന്ന് അറിയില്ലെന്നും തങ്ങൾക്ക് ബന്ധപ്പെടാൻ കഴിയുന്നില്ലെന്നും കുടുംബം വ്യക്തമാക്കുന്നു.
2023 ജൂണിൽ മറ്റൊരു ഖാലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജർ കാനഡയിൽ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഗുർപത്വന്ത് പന്നുവിനെ കൊലപ്പെടുത്താൻ വികാഷ് യാദവും കൂട്ടാളികളും ചേർന്ന് പദ്ധതി തയ്യാറാക്കി എന്നാണ് എഫ് ബി ഐ കുറ്റപത്രത്തിൽ വ്യക്തമാക്കുന്നത്. അതേസമയം വികാഷ് യാദവ് നിലവിൽ ഇന്ത്യൻ സർക്കാരുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നില്ലെന്നാണ് ഇന്ത്യ ഔദ്യോഗികമായി അറിയിക്കുന്നത്. വികാഷ് യാദവ് സർവീസിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥൻ ആണെന്നും അദ്ദേഹം ഇപ്പോൾ എവിടെയാണെന്നോ എന്തു ചെയ്യുകയാണെന്നോ തങ്ങൾക്ക് അറിയില്ല എന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ വികാഷ് യാദവ് എവിടെയാണെന്ന ചോദ്യത്തിന് ലോകത്തിലെ തന്നെ ഏറ്റവും മികച്ച അന്വേഷണ ഏജൻസി എന്ന് അവകാശപ്പെടുന്ന എഫ്ബിഐക്ക് ഉത്തരം കണ്ടെത്താനാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
Discussion about this post