ചെന്നൈ: തമിഴ്നാട്ടിലെ പ്രമുഖ യുട്യൂബർ ഇർഫാൻനെതിരെ പുതിയ വിവാദം. ഭാര്യയുടെ പ്രസവവും കുഞ്ഞിന്റെ പൊക്കിൾകൊടി മുറിക്കുന്നതും വീഡിയോ എടുത്തു പുറത്തുവിട്ടതാണ് വിവാദം ആയത്. ഇർഫാനെതിരെ നടപടി എടുക്കുമെന്ന് തമിഴ്നാട് ആരോഗ്യവകുപ്പ് അറിയിച്ചു.
45 ലക്ഷത്തിലധികം ഫോളോവേഴ്സ് ഉള്ള തന്റെ യൂട്യൂബ് ചാനലിൽ ആണ് ഇയാള്‍ വീഡിയോ അപ്ലോഡ് ചെയ്തത്. ജൂലൈയിൽ പ്രസവത്തിനായി ഇർഫാൻറെ ഭാര്യ വീട്ടിൽ നിന്ന് പുറപ്പെടുന്നത് മുതൽ സ്വകാര്യ ആശുപത്രിയിലെ ഓപ്പറേഷൻ തീയേറ്ററിൽ കുഞ്ഞു ജനിക്കുന്നത് വരെ വീഡിയോയില്‍ ഉണ്ട്. 16 മിനിട്ടുള്ളതാണ് വീഡിയോ.
വിഡിയോയിൽ ഇർഫാൻ കുഞ്ഞിന്റെ പൊക്കിൾ കൊടി മുറിക്കുന്നതും കാണാം. ഡോക്ടർമാരുടെ അനുവാദത്തോടെയാണ് ഇയാള്‍ പൊക്കിൾ കൊടി മുറിക്കുന്നത്. ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായതോടെ തമിഴ്നാട് ആരോഗ്യവകുപ്പ് ആശുപത്രി അധികൃതരോട് വിവരങ്ങൾ തേടി.
സംഭവത്തിൽ ആശുപത്രിക്കും ഓപ്പറേഷൻ തിയേറ്ററിൽ ഉണ്ടായിരുന്ന ഡോക്ടർക്കും എതിരെ നടപടി ഉണ്ടാകുമെന്ന് മെഡിക്കൽ ആന്റ് റൂറൽ ഹെൽത്ത് സർവ്വീസ് ഡയറക്ടർ ഡോ. ജെ രാജമൂർത്തി അറിയിച്ചു.
Discussion about this post