മസ്‌ക്കറ്റ്: ഒമാന്‍ കടലില്‍ നിന്ന് അപൂര്‍വ്വയിനം മത്സ്യത്തെ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. നാസര്‍ സലീം മുഹമ്മദ് അല്‍ ഫര്‍സി എന്ന മുങ്ങല്‍ വിദ?ഗ്ധനാണ് ഈ അപൂര്‍വ്വ ഇനം മത്സ്യത്തെ കണ്ടെത്തിയിരിക്കുന്നത്. ഒമാനിലെ മസീറ ദ്വീപിന്റെ കിഴക്കന്‍ തീരത്ത് നിന്ന് നാല് കിലോമീറ്റര്‍ അകലെയുള്ള പവിഴപ്പുറ്റുകളെക്കുറിച്ച് പഠിക്കാനായി മുങ്ങല്‍ നടത്തുമ്പോഴായിരുന്നു ഈ മത്സ്യത്തെ കണ്ടെത്തിയത്. അപൂര്‍വ്വ സമുദ്ര ഇനങ്ങളില്‍ ഒന്നാണിത്.
ഏകദേശം 30 അടി താഴ്ചയില്‍ നിന്നാണ് ഈ അപൂര്‍വ്വ മത്സ്യത്തെ പിടികൂടിയത്. ശേഷം തിരികെ ബോട്ടില്‍ കയറിയ അല്‍ ഫര്‍സി മത്സ്യത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയ ശേഷം തിരികെ കടലിലേക്ക് വിടുകയും ചെയ്തു. ഈ മത്സ്യത്തെ കുറിച്ച് അറിവില്ലാത്തതിനാല്‍ മറ്റ് മുങ്ങല്‍ വിദഗ്ധരില്‍ നിന്ന് വിവരങ്ങള്‍ ലഭിക്കുന്നതിനായി ചിത്രങ്ങള്‍ വാട്‌സ് ആപ്പ് ഗ്രൂപ്പിലിട്ടു.
ഈ ചിത്രം കണ്ട് ഒരു മുങ്ങല്‍ വിദഗ്ധന്‍ മത്സ്യത്തെ തിരിച്ചറിഞ്ഞു.പുള്ളി കടല്‍പ്പാമ്പ് എന്നര്‍ത്ഥം വരുന്ന (Spottobrotula mossambica) എന്ന പേരില്‍ മൊസാംബിക് റിപ്പബ്ലിക്കിന്റെ പ്രാദേശിക ജലാശയങ്ങളില്‍ കാണപ്പെടുന്ന അപൂര്‍വ്വ ഇനം മത്സ്യമാണിത്. 1978ല്‍ മൊസാംബിക് കടലിടുക്കില്‍ നിന്ന് 45 മീറ്റര്‍ ആഴത്തിലാണ് ഇതിനെ കണ്ടെത്തിയത്. 46 വര്‍ഷത്തിന് മുമ്പാണ് ആദ്യമായി ഈ മത്സ്യത്തെ കണ്ടെത്തിയത്.
Discussion about this post