ന്യൂഡൽഹി : ലഡാക്കിലെ ഇന്ത്യ ചൈന അതിർത്തിയിലെ യഥാർത്ഥ നിയന്ത്രണ രേഖയിൽ നിന്നുമുള്ള സേനാപിൻമാറ്റം സാവധാനത്തിൽ മാത്രമെന്ന് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. ചൈനയുടെ നടപടികളിൽ വിശ്വാസ്യത ഉറപ്പുവരുത്തേണ്ടതുണ്ട്. ഒരിക്കൽ വിശ്വാസം നഷ്ടപ്പെട്ടതിനാൽ അത് വീണ്ടെടുക്കാൻ അല്പം സമയം എടുക്കും. എൽഎസിയിലെ സ്ഥിതിഗതികൾ 2020 ഏപ്രിലിലെ സ്ഥിതിയിലേക്ക് മടങ്ങിയതിന് ശേഷം മാത്രമേ സേനയെ പൂർണ്ണമായും പിൻവലിക്കുകയുള്ളൂ എന്നും ജനറൽ ഉപേന്ദ്ര ദ്വിവേദി വ്യക്തമാക്കി.
യുണൈറ്റഡ് സർവീസ് ഇൻസ്റ്റിറ്റ്യൂഷനിൽ നടന്ന “പരിവർത്തന ദശകം: ഇന്ത്യൻ സൈന്യം ഭാവിയിലേക്ക് മുന്നേറുന്നു” എന്ന പരിപാടിയിൽ സംസാരിക്കവെ ആയിരുന്നു കരസേന മേധാവി നിലപാട് വ്യക്തമാക്കിയത്. പൂർവസ്ഥിതിയിലേക്ക് എത്തുക എന്നുള്ളത് ക്രമാനുഗതമായി മാത്രം നടപ്പിലാക്കുന്ന പ്രക്രിയയായിരിക്കും. ബഫർ സോൺ മാനേജ്മെൻ്റ് അടക്കമുള്ള ഓരോ ഘട്ടങ്ങളിലൂടെ ആയിരിക്കും 2020ലെ പൂർവ്വസ്ഥിതിയിലേക്ക് മടങ്ങുക എന്നും ജനറൽ ഉപേന്ദ്ര ദ്വിവേദി അറിയിച്ചു.
പരസ്പര ധാരണയിലൂടെ ഇരു രാജ്യങ്ങളും തമ്മിലുള്ള വിശ്വാസം പുനർനിർമ്മിക്കപ്പെടുന്നതാണ്. ഇപ്പോൾ തുടരുന്ന പട്രോളിംഗ് പ്രവർത്തനങ്ങൾ ഇരുപക്ഷത്തിനും പരസ്പരം ഉറപ്പുനൽകാൻ അവസരമൊരുക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നാല് വർഷത്തിലേറെ നീണ്ട തർക്കത്തിന് ശേഷം കിഴക്കൻ ലഡാക്കിൽ ഇന്ത്യയും ചൈനയും സേന പിന്മാറ്റത്തിനും 2020ലെ പൂർവസ്ഥിതിയിലേക്ക് മാറി പട്രോളിങ് നടത്താനും തീരുമാനത്തിലെത്തിയത്.
Discussion about this post