ശ്രീനഗർ: നിരോധിത സംഘടനയായ ലഷ്കറെ ത്വയ്ബയുടെ പുതിയ ശാഖ ജമ്മുകശ്മീരിൽ രൂപീകരിക്കാൻ പോകുന്നു എന്ന രഹസ്യ വിവരത്തെ തുടർന്ന് പുതിയ ഭീകര സംഘടനയെ വേരോടെ പിഴുതെടുത്ത് സംസ്ഥാന പൊലീസിലെ കൗണ്ടർ ഇന്റലിജൻസ് വിഭാഗം . ഇവരുടെ റിക്രൂട്ട്മെന്റ് ആസ്ഥാനം അടക്കം പത്തോളം കേന്ദ്രങ്ങളിൽ നടത്തിയ മിന്നൽ ഓപ്പറേഷനുകൾ നടത്തുകയും ഏഴുപേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇത് കൂടാതെ ലാപ്ടോപ്പും മൊബൈൽ ഫോണുകളും നിരവധി സിമ്മുകളും പിടിച്ചെടുത്തു.
പൂഞ്ച് ജില്ലയിൽ പാകിസ്ഥാൻ ആസ്ഥാനമായി ‘തെഹ്‌രീക് ലബയ്ക് യാ മുസ്ലീം’ (ടി.എൽ.എം) എന്ന പേരിലാണ് സംഘടന പ്രവർത്തനം ആസൂത്രണം ചെയ്ത് തുടങ്ങിയത് . ലഷ്കർ കമാൻഡർ ബാബാ ഹമാസിനെയാണ് സംഘടനാ തലവനായി തിരഞ്ഞെടുത്തത്.
രാജ്യാന്തര ഭീകര ശൃംഖലകളുമായി ബന്ധമുള്ള കുപ്രസിദ്ധ ലഷ്കറെ കമാൻഡറാണ് ‘ബാബ ഹമാസ്’. നുഴഞ്ഞുകയറ്റം, ഭീകരപ്രവർത്തനങ്ങൾക്ക് ധനസഹായം, റിക്രൂട്ട്‌മെന്റ് എന്നിവയാണ് പുതിയ സംഘടനയുമായി ബന്ധപ്പെട്ട് ഇയാൾ കൈകാര്യം ചെയ്യുന്നത്. ഇന്ത്യയുടെ സുരക്ഷ സംവിധാനങ്ങൾ മറികടക്കുക ദുഷ്കരമായതിനാൽ വനത്തിൽ ഒളിച്ചിരിക്കുകയും പുറത്തുവന്ന് ആക്രമണം നടത്തി ഓടിപ്പോവുകയാണ് നിലവിൽ തീവ്രവാദികൾ പിന്തുടരുന്ന രീതി.
ഭീകരപ്രവർത്തനങ്ങൾക്കായി യുവാക്കളെ അണിനിരത്തുന്നതിൽ സജീവമായി ഏർപ്പെട്ടിരുന്ന റിക്രൂട്ട്‌മെന്റ് മൊഡ്യൂളിനെ നിർവീര്യമാക്കുകയായിരുന്നു സൈന്യത്തിന്റെ പ്രാഥമിക ലക്ഷ്യം.
Discussion about this post