മുംബൈ : 2001ലെ ജയ ഷെട്ടി കൊലക്കേസിൽ അധോലോക നേതാവ് ഛോട്ടാ രാജന് ജാമ്യം. ബോംബെ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ഈ കേസിൽ വിചാരണ കോടതി വിധിച്ചിരുന്ന ജീവപര്യന്തം ശിക്ഷയും ഹൈക്കോടതി റദ്ദാക്കി. ജാമ്യത്തിനായി ഒരു ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടും അതേ തുകയുടെ ആൾ ജാമ്യവും നൽകാൻ ഛോട്ടാ രാജനോട് ഹൈക്കോടതി നിർദ്ദേശിച്ചു.
2015ൽ ഛോട്ടാ രാജനെ ഇന്തോനേഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് നാടുകടത്തിയ ശേഷം സിബിഐക്ക് കൈമാറിയ 71 കേസുകളിൽ ഉൾപ്പെടുന്നതാണ് ജയ ഷെട്ടി കൊലക്കേസ്. 2001 മെയ് 4നായിരുന്നു ദക്ഷിണ മുംബൈയിലെ ഗോൾഡൻ ക്രൗൺ ഹോട്ടൽ ഉടമയായ ജയ ഷെട്ടിയെ രണ്ട് അജ്ഞാതർ വെടിവെച്ച് കൊലപ്പെടുത്തിയത്.
മഹാരാഷ്ട്ര കൺട്രോൾ ഓഫ് ഓർഗനൈസ്ഡ് ക്രൈംസ് ആക്ട് പ്രകാരമുള്ള പ്രത്യേക കോടതിയാണ് കേസിൽ രാജൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. തുടർന്ന് ജീവപര്യന്തം തടവിന് ശിക്ഷിക്കുകയായിരുന്നു. മാധ്യമപ്രവർത്തകൻ ജ്യോതിർമയ് ഡേ വധക്കേസിൽ ജീവപര്യന്തം തടവ് അനുഭവിച്ചു വരികയാണ് നിലവിൽ ഛോട്ടാ രാജൻ. അദ്ദേഹത്തിന്റെ രണ്ടാമത്തെ ജീവപര്യന്തം ശിക്ഷയായിരുന്നു ജയ ഷെട്ടി കൊലക്കേസിൽ ലഭിച്ചിരുന്നത്. നിലവിൽ തീഹാർ ജയിലിലാണ് ഛോട്ടാ രാജൻ കഴിയുന്നത്.
Discussion about this post