ലണ്ടൻ : 2017-ൽ വടക്കൻ ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റർ അരീനയിൽ നടന്ന ബോംബാക്രമണത്തിൽ നിന്നും രക്ഷപ്പെട്ടവർ മാദ്ധ്യമപ്രവർത്തകനെതിരെ നൽകിയ ഹർജിയിൽ സുപ്രധാന വിധിയുമായി യുകെ കോടതി. ആക്രമണം ബ്രിട്ടീഷ് സർക്കാർ ഏജൻസികൾ സംഘടിപ്പിച്ചതാണെന്ന് അവകാശപ്പെട്ട പത്രപ്രവർത്തകനായ റിച്ചാർഡ് ഹാളിനെതിരെ കേസ് എടുക്കാമെന്ന് കോടതി വ്യക്തമാക്കി. ഹാളിൻ്റെ പെരുമാറ്റം പീഡനത്തിന് തുല്യമാണെന്നാണ് ജഡ്ജി കാരെൻ സ്റ്റെയ്ൻ വ്യക്തമാക്കിയത്.
ഏഴ് വർഷം മുമ്പാണ് അരിയാന ഗ്രാൻഡെയിലെ സംഗീത പരിപാടിക്കിടയിൽ ബോംബ് സ്ഫോടനം ഉണ്ടായത്. 22 പേരുടെ മരണത്തിനിടയാക്കിയ ബോംബ് സ്‌ഫോടനത്തിൽ നിന്നും പരിക്കുകളോടെ രക്ഷപ്പെട്ട രണ്ടുപേരായിരുന്നു ഹാളിനെതിരെ കോടതിയെ സമീപിച്ചിരുന്നത്. മാർട്ടിൻ ഹിബ്ബർട്ട്, അദ്ദേഹത്തിന്റെ മകൾ ഈവ് എന്നിവർക്ക് സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. സ്ഫോടനത്തിൽ ഹിബ്ബർട്ടിന് അരയ്ക്ക് താഴേയ്ക്ക് തളർന്നു പോവുകയും 14 വയസ്സുള്ള മകൾ ഈവിന് മസ്തിഷ്കാഘാതം സംഭവിക്കുകയും ചെയ്തു.
ബോംബ് സ്ഫോടനം ബ്രിട്ടീഷ് സർക്കാർ ഏജൻസികൾ സംഘടിപ്പിച്ചതാണെന്നായിരുന്നു മാധ്യമപ്രവർത്തകനായ റിച്ചാർഡ് ഹാളിന്റെ വാദം. 2019-ൽ ഇയാൾ മാഞ്ചസ്റ്റർ അരീന ബോംബാക്രമണത്തെക്കുറിച്ചുള്ള പുസ്തകവും വീഡിയോകളും പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ഈ വീഡിയോകൾക്കായി ഇയാൾ അനുമതിയില്ലാതെ അതിജീവിതരുടെ വീടിനു മുന്നിലുള്ള ദൃശ്യങ്ങൾ ചിത്രീകരിച്ചു എന്നും മാർട്ടിൻ ഹിബ്ബർട്ട് കോടതിയിൽ നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഹാൾ മാധ്യമസ്വാതന്ത്ര്യം ദുരുപയോഗം ചെയ്തതായി കോടതി വ്യക്തമാക്കി. ഹാളിനെതിരായുള്ള ശിക്ഷ അടുത്ത ഹിയറിങ്ങിൽ പ്രഖ്യാപിക്കുമെന്നും ജഡ്ജി അറിയിച്ചു.









Discussion about this post