ഒട്ടാവ : കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്കെതിരെ സ്വന്തം പാർട്ടിയിലെ എംപിമാർ തന്നെ രംഗത്ത്. ട്രൂഡോ ലിബറൽ നേതാവ് സ്ഥാനം രാജിവയ്ക്കണമെന്ന് ലിബറൽ പാർട്ടി എംപിമാർ ആവശ്യം ഉന്നയിച്ചു. പാർലമെൻ്റ് ഹില്ലിൽ ചേർന്ന ലിബറൽ എംപിമാരുടെ യോഗത്തിൽ ശക്തമായ പ്രതിഷേധമാണ് ട്രൂഡോയ്‌ക്കെതിരെ ഉയർന്നത്.
ജസ്റ്റിൻ ട്രൂഡോയുടെ നിലപാടുകളോട് വിയോജിപ്പുള്ള എംപിമാർ തങ്ങളുടെ പരാതികൾ ട്രൂഡോയെ അറിയിച്ചിട്ടുണ്ട്. ഇന്ത്യയുമായുള്ള അസ്വാരസ്യങ്ങൾ വർദ്ധിച്ചതോടെ ട്രൂഡോക്കെതിരെ പാർട്ടിക്കുള്ളിൽ തന്നെ വലിയ അതൃപ്തിയും എതിർപ്പുകളും ആണ് ഉള്ളത് എന്ന് ലിബറൽ എംപിമാരുടെ യോഗം വ്യക്തമാക്കുന്നു. സിഖ് വിഘടനവാദി നേതാക്കൾക്ക് ജസ്റ്റിൻ ട്രൂഡോ അനാവശ്യമായ പിന്തുണ നൽകുന്നതായാണ് ലിബറൽ എംപിമാരുടെ പരാതി.
ഒക്ടോബർ 28-നകം നേതൃസ്ഥാനം ഒഴിയുന്നതിൽ ട്രൂഡോ തീരുമാനമെടുക്കണമെന്ന് ലിബറൽ എംപിമാർ അന്ത്യശാസനം നൽകി. ഇതോടെ ട്രൂഡോ സ്വന്തം പാർട്ടിക്കുള്ളിൽ നിന്നുതന്നെ കടുത്ത സമ്മർദ്ദമാണ് നേരിടുന്നത്. ലിബറൽ നേതാവ് സ്ഥാനത്ത് നിന്ന് മാറാൻ ട്രൂഡോയോട് ആവശ്യപ്പെടാനുള്ള കരാറിൽ 24 എംപിമാർ ഒപ്പുവച്ചതായാണ് കനേഡിയൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
Discussion about this post