ന്യൂഡൽഹി : പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട് കമ്മിറ്റിക്കു മുന്നിൽ ഹാജരാകാതെ സെബി മേധാവി മാധബി പുരി ബുച്ച്. ഓഹരി വിപണി ഗവേഷകരായ അമേരിക്കയിലെ ഹിൻഡൻബർഗ് ഉയർത്തിയ ആരോപണത്തിന്റെ പശ്ചാത്തലത്തിൽ ഓഹരി വിപണി നിയന്ത്രണ ഏജൻസിയായ സെബിയുടെ പ്രവർത്തനം പരിശോധിക്കാനായിരുന്നു യോഗം. എന്നാൽ സെബി മേധാവി മാധബി പുരി ബുച്ച് ഹാജരാകത്താതിനാൽ മാറ്റി വച്ചു. എഐസിസി സെക്രട്ടറി കെ സി വേണുഗോപാലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വ്യക്തിപരമായ കാരണങ്ങളാൽ യോഗത്തിന് എത്താൻ കഴിയില്ലെന്ന് മാധബി ബുച്ച് യോഗത്തിന് മണിക്കൂറുകൾ മുൻപ് പിഎസിയെ അറിയിക്കുകയായിരുന്നു. സെബിയുടെ നിലവിലെ പ്രവർത്തനത്തെക്കുറിച്ചു രേഖകൾ സഹിതം ഹാജരാകാനാണ് നിർദേശം നൽകിയിരിക്കുന്നത്. മാധബി ബുച്ചും നാല് ഉദ്യോഗസ്ഥരും ഇന്നത്തെ യോഗത്തിൽ ഹാജരാകണമെന്നായിരുന്നു നിർദേശം.
സെബി ചെയർപേഴ്‌സിനെ അദാനി ഗ്രൂപ്പിന്റെ വിദേശത്തെ രഹസ്യ കമ്പനികളിൽ നിക്ഷേപമുണ്ടെന്ന ഗുരുതര ആരോപണമാണ് ഹിൻഡൻ ബർഗ് ആരോപിക്കുന്നത്. സെബി ചെയർപേഴ്‌സൺ മാധബി ബുച്ചിനും , ഭർത്താവിനും അദാനി ഗ്രൂപ്പിലേക്ക് പണമെത്തിയ നിഴൽ കമ്പനികളിൽ നിക്ഷേപം ഉണ്ടായിരുന്നുവെന്നുമാണ് ഹിൻഡൻ ബർഗ് കണ്ടെത്തൽ. മാധബി ബുച്ചിനും ഭർത്താവ് ധാവൽ ബുച്ചിനും മൗറീഷ്യസിലും ബർമുഡയിലുമായി എട്ടുലക്ഷത്തി എഴുപത്തിരണ്ടായിരം ഡോളർ നിക്ഷേപമുണ്ടെന്നാണ് രേഖകൾ ഉദ്ദരിച്ച് ഹിൻഡൻബർഗ് ആരോപിക്കുന്നത്. അദാനിക്കെതിരായ അന്വേഷണം സെബി മന്ദഗതിയിലാക്കിയതിന് പിന്നിൽ ഈ ബന്ധമെന്നും ഹിൻഡൻ ബർഗ് റിപ്പോർട്ടിലുണ്ട്.
Discussion about this post