കൊച്ചി: വളര്‍ത്തുമൃഗങ്ങളെ ചികിത്സിക്കുന്ന ആശുപത്രിയില്‍ ബഹളമുണ്ടാക്കിയ യുവാവ് അറസ്റ്റില്‍. പൊന്നുരുന്നിയിലെ ആശുപത്രിയിലെത്തിയ യുവാവ് ബഹളമുണ്ടാക്കി നോട്ടുകള്‍ കീറിയെറിയുകയായിരുന്നു. കൊല്ലം സ്വദേശി ദീപക്കിനെയാണ് (38) കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തത്.
ഇയാള്‍ അഞ്ചുമാസമായി മുളവുകാട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന വ്യക്തിയാണ്. സ്‌പോണ്‍സര്‍ ചെയ്ത 15 മൃഗങ്ങള്‍ ആശുപത്രിയില്‍ ചികിത്സയിലുണ്ട്. ഇതില്‍ രണ്ട് നായകളെ ഡിസ്ചാര്‍ജ് ചെയ്യാന്‍ ചെന്നപ്പോള്‍ ബില്‍ കുടിശികയായ 60,000 രൂപ അടയ്ക്കാന്‍ ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടു.
ഇതില്‍ പ്രകോപിതനായ ദീപക് അധികൃതരെ അസഭ്യം പറയുകയും 500 രൂപയുടെ നോട്ടുകള്‍ കീറിയെറിയുകയുമായിരുന്നു. താന്‍ കൊക്കെയ്ന്‍ ഏജന്റാണെന്നു പറഞ്ഞ് ബഹളം വച്ചതായി പൊലീസ് പറഞ്ഞു. ശനിയാഴ്ചയായിരുന്നു സംഭവം. ജീവനക്കാരെ അസഭ്യം പറഞ്ഞതിനും അതിക്രമിച്ചുകയറി പൊതുമുതല്‍ നശിപ്പിച്ചതിനും കേസെടുത്തു. കോടതിയില്‍ ഹാജരാക്കി.
Discussion about this post