മുംബൈ : രാജ്യത്തിന്റെ പ്രതിരോധ മേഖലയിൽ വമ്പൻ നിക്ഷേപത്തിന് ഒരുങ്ങുകയാണ് അനിൽ അംബാനിയുടെ റിലയൻസ് ഇൻഫ്ര. അടുത്ത പത്ത് വർഷത്തിനുള്ളിൽ പ്രതിരോധ രംഗത്ത് 10,000 കോടി രൂപയുടെ നിക്ഷേപം നടത്താനാണ് റിലയൻസ് ഇൻഫ്ര ലക്ഷ്യമിടുന്നത്. മഹാരാഷ്ട്രയിൽ ആയിരിക്കും നിക്ഷേപം നടത്തുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഗ്രീൻഫീൽഡ് പ്രതിരോധ പദ്ധതിയായിരിക്കും ഇത്.
ഇതിനകം തന്നെ പ്രതിരോധ മേഖലയിൽ റിലയൻസ് ഇൻഫ്രക്ക് ചില സംയുക്ത സംരംഭങ്ങൾ ഉണ്ട്. ഡസോൾട്ട് റിലയൻസ് എയ്റോസ്പേസ്, തെയ്ൽസ് റിലയൻസ് ഡിഫൻസ് സിസ്റ്റംസ് എന്നിവയുൾപ്പെടെയുള്ളതാണ് റിലയൻസിന്റെ പ്രതിരോധ രംഗത്തെ സംരംഭങ്ങൾ. ഇത് കൂടാതെ അനിൽ അംബാനിയുടെ തന്നെ ഉടമസ്ഥതയിലുള്ള ജയ് ആർമമെൻ്റ്സ് ലിമിറ്റഡും റിലയൻസ് ഡിഫൻസ് ലിമിറ്റഡും പ്രതിരോധ ആയുധങ്ങൾ നിർമ്മിക്കുന്നതിനുള്ള ലൈസൻസ് നേടിയിട്ടുണ്ട്.
മഹാരാഷ്ട്രയിലെ രത്‌നഗിരിയിൽ ആണ് റിലയൻസ് ഇൻഫ്ര പുതിയ പദ്ധതി ആരംഭിക്കുന്നത്. സ്ഫോടകവസ്തുക്കൾ, വെടിമരുന്ന്, ചെറിയ ആയുധങ്ങൾ എന്നിവയുടെ നിർമ്മാണമാണ് പ്രധാന ലക്ഷ്യം. ഇത്തരത്തിലുള്ള പ്രതിരോധ ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിനുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സംയോജിത പദ്ധതിയാണിത്. പദ്ധതി പ്രഖ്യാപിച്ചതോടെ റിലയൻസ് ഇൻഫ്രയുടെ ഓഹരികളിൽ വമ്പിച്ച മുന്നേറ്റമാണ് ഉണ്ടായിട്ടുള്ളത്.
Discussion about this post