കണ്ണൂര്‍: ഈ വര്‍ഷത്തെ എസ്എസ്എല്‍സി ഐടി പ്രാക്ടിക്കല്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നു. കണ്ണൂര്‍ പയ്യന്നൂരിലെ ഒരു എയ്ഡഡ് സ്കൂളില്‍ നിന്ന് ചോര്‍ന്ന വിവിധ സെറ്റ് ചോദ്യപേപ്പറുകളുടെ പകര്‍പ്പ് ചാനലുകള്‍ പുറത്ത് വിട്ടു.
കഴിഞ്ഞ ചൊവ്വാഴ്ച ആരംഭിച്ച ഐടി പ്രാക്ടിക്കല്‍ പരീക്ഷയുടെ ചോദ്യപേപ്പറാണ് ചോര്‍ന്നത്. കണ്ണൂര്‍ പയ്യന്നൂരിലെ ഒരു എയ്ഡഡ് സ്കൂളില്‍ നിന്നാണ് ചോദ്യപേപ്പര്‍ ചോര്‍ന്നത്. പയ്യന്നൂരിലും പരിസര പ്രദേശങ്ങളിലുമുള്ള സ്കൂളുകളിലെ കുട്ടികളുടെ കൈവശം ചോദ്യപേപ്പറിന്റെ കോപ്പി കണ്ട ഏതാനും അധ്യാപകരാണ് വിവരം അറിയിച്ചത്. ചോവ്വാഴ്ച്ച തുടങ്ങിയ പരീക്ഷ പലയിടങ്ങളിലും ഇനിയും പൂര്‍ത്തിയാകാനുണ്ട്.
ചോദ്യപേപ്പര്‍ സിഡിയിലാക്കി എല്ലാ സ്കൂളുകള്‍ക്കും കൊടുക്കുകയാണ് പതിവ്. പിന്നീട് ഓരോ സ്കൂളിലേക്കും നിയമിതരാകുന്ന അധ്യാപകര്‍ക്ക് കൊടുക്കുന്ന പാസ്വേഡ് ഉപയോഗിച്ചാണ് സ്കൂളുകള്‍ ഈ ചോദ്യപേപ്പര്‍ ഉപയോഗിക്കുക. അതിന് സ്കൂളിലെ കുട്ടികളുടെ രജിസ്ട്രര്‍ നമ്പറും സോഫ്റ്റ് വെയറിലേക്ക് ചേര്‍ക്കണം. പരീക്ഷയുടെ തലേനാള്‍ അതായത് തിങ്കളാഴ്ചയാണ് ഇന്‍വിജിലേറ്റര്‍മാരായ അധ്യാപകര്‍ക്ക് ഇത്തരത്തിലുള്ള സാങ്കേതിക കാര്യങ്ങള്‍ ചെയ്യാന്‍ അവസരം നല്‍കിയിരുന്നത്. അപ്പോഴാകാം ഇത്തരത്തില്‍ ചോദ്യപേപ്പര്‍ ചോര്‍ന്നതെന്നാണ് സംശയിക്കുന്നത്.
പാസ്വേഡും കുട്ടികളുടെ രജിസ്ടേഷന് നമ്പറും ഉപയോഗിച്ച് ചോദ്യപേപ്പര്‍ തുറന്ന ശേഷം ഇവയുടെ സ്ക്രീന്‍ഷോട്ട് എടുത്ത് പെന്‍ഡ്രൈവിലാക്കി ചോര്‍ത്തിയെന്നാണ് നിഗമനം.
Discussion about this post