വിവാഹത്തിന് പിന്നാലെ സ്ത്രീകള്‍ വീടുകളില്‍ ഒതുങ്ങിക്കൂടുന്ന അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ അതിനൊക്കെ മാറ്റം വന്നിരിക്കുകയാണ്. പുരുഷന്മാര്‍ക്കൊപ്പം തന്നെ സ്ത്രീകളും ജോലിയ്ക്ക് പോകുന്ന പ്രവണതയാണ് നിലവിലുള്ളത്. എങ്കിലും ഇപ്പോഴും തങ്ങളുടെ കാഴ്ച്ചപ്പാടുകളില്‍ മാറ്റം വരാത്തവര്‍ ധാരാളമുണ്ട്. ഇപ്പോഴിതാ ഇത്തരത്തില്‍ തനിക്കുണ്ടായ ഒരു ദുരനുഭവം സാമൂഹികമാധ്യമമായ ത്രെഡ്സിലൂടെ പങ്കുവെച്ചിരിക്കുകയാണ് സ്വാതി കൊകാടെ എന്ന യുവതി. മാട്രിമോണി ആപ്പിലൂടെ പരിചയപ്പെട്ട യുവാവുമായി ഡിന്നര്‍ കഴിക്കാന്‍ പോയപ്പോഴുണ്ടായ അനുഭവമാണ് സ്വാതി പോസ്റ്റുചെയ്തത്. പിന്നാലെ വിഷയം സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി.
‘മാട്രിമോണി ആപ്പില്‍ പരിചയപ്പെട്ട യുവാവുമായി ഞാന്‍ ഡിന്നര്‍ കഴിക്കാന്‍ പോയി. ഞങ്ങള്‍ വളരെ നന്നായാണ് സംസാരിച്ചിരുന്നത്. എന്നാല്‍, ജോലിത്തിരക്കുള്ളതിനാല്‍ എനിക്ക് എല്ലാ ദിവസവും പാചകം ചെയ്യാന്‍ കഴിയില്ല എന്ന് പറഞ്ഞ ആ നിമിഷം അവന്റെ മുഖം മാറി. വിവാഹത്തിന് താത്പര്യമില്ലെന്നും പറഞ്ഞു. അത്രയും സമയം എന്റെ സൗന്ദര്യത്തേയും കഴിവുകളേയും പുകഴ്ത്തുകയായിരുന്നു അവന്‍. പാചകം ചെയ്യുന്നത് അത്ര പ്രധാനപ്പെട്ട കാര്യമാണോ?’ -ഇതായിരുന്നു സ്വാതിയുടെ പോസ്റ്റ്.
എന്നാല്‍ യുവാവിനെ പ്രതികൂലിച്ച് മാത്രമല്ല അനുകൂലിച്ചും രണ്ട് വിഭാഗമായി വലിയ ചര്‍ച്ചകളാണ് സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്നത്. അടുക്കളക്കാര്യം നോക്കിയിരുന്നാല്‍ അവന് ജോലിക്ക് പോകാനും പണം സമ്പാദിക്കാനും കഴിയുമോ എന്നാണ് യുവാവിനെ അനുകൂലിച്ച ഒരാള്‍ ചോദിച്ചത്.
Discussion about this post