കോഴിക്കോട് : വടകര പുതിയ ബസ് സ്റ്റാൻഡിന് സമീപത്ത് വെച്ച് വയോധികനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെ പിടികൂടി. ബസ് സ്റ്റാൻഡിനു സമീപത്തുള്ള കടവരാന്തയിൽ ആയിരുന്നു വയോധികനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നത്. കഴിഞ്ഞ സെപ്റ്റംബര്‍ 17ന് രാത്രിയായിരുന്നു തെരുവില്‍ കഴിഞ്ഞിരുന്ന അജ്ഞാതനായ വയോധികന്‍ കൊല്ലപ്പെട്ടത്.
സംഭവത്തിൽ കൊയിലാണ്ടി പൊയില്‍ക്കാവ് സ്വദേശിയായ 54കാരൻ നാറാണത്ത് സജിത്തിനെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ സെപ്റ്റംബര്‍ 18ന് രാവിലെ പുതിയ ബസ് സ്റ്റാന്റിന് സമീപത്തുള്ള കടവരാന്തയില്‍ അജ്ഞാതനായ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കഴുത്തിൽ എന്തോ ഉപയോഗിച്ച് മുറുക്കിയതിന്റെ പാട് ഉണ്ടായിരുന്നതിനാൽ നാട്ടുകാര്‍ സംശയം ഉയര്‍ത്തിയതിനെ തുടര്‍ന്ന് പോസ്റ്റ്മാര്‍ട്ടം നടത്തുകയും കൊലപാതകമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്യുകയായിരുന്നു.
വയോധികന്റെ കയ്യിലുണ്ടായിരുന്ന പണം തട്ടിയെടുക്കാൻ ആയാണ് കൊലപാതകം നടത്തിയത് എന്നാണ് സജിത്ത് പോലീസിനോട് വെളിപ്പെടുത്തിയിട്ടുള്ളത്. തലേദിവസം വയോധികൻ പണം എണ്ണിത്തിട്ടപ്പെടുത്തുന്നത് കണ്ടതോടെയാണ് കൈവശം പണം ഉള്ളതായി സജിത്ത് മനസ്സിലാക്കിയത്. തുടർന്ന് ഉറങ്ങുകയായിരുന്ന വയോധികനെ കഴുത്തിൽ പുതപ്പ് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു.
Discussion about this post