ഇന്ത്യൻ ക്രിക്കറ്റിന്റെ അഭിമാന താരവും മലയാളിയുമായ മിന്നുമണി അയോധ്യയിലെ രാമ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി. സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് മിന്നു മണി രാം മന്ദിറിൽ ദർശനം നടത്തിയതായി അറിയിച്ചത്. അഹമ്മദാബാദിൽ ഇന്ത്യ-ന്യൂസിലൻഡ് വനിത ഏകദിന പരമ്പര നടക്കുന്ന വേളയിലാണ് മിന്നു മണിയുടെ രാമക്ഷേത്ര ദർശനം എന്നുള്ളതും ശ്രദ്ധേയമാണ്.
“അയോധ്യയിലേക്കുള്ള പാതയിൽ ദശലക്ഷക്കണക്കിന് ദീപങ്ങൾ പ്രകാശം പരത്തുന്നു. രാമ ക്ഷേത്രത്തിലേക്കുള്ള നിങ്ങളുടെ യാത്രയും പ്രകാശവും അനുഗ്രഹവും കൊണ്ട് നിറയട്ടെ’ എന്ന കുറിപ്പോടെയാണ് മിന്നു മണി രാമ ക്ഷേത്ര ദർശനത്തിന്റെ ചിത്രം പങ്കുവെച്ചത്. ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കേരളത്തിൽ നിന്നുള്ള ആദ്യ താരമാണ് മിന്നു മണി.
വയനാട് ജില്ലയിലെ ചോയിമൂല സ്വദേശിയാണ് മിന്നു മണി. 2023ലാണ് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിൽ ഇടം നേടിയത്. കുറിച്യ ഗോത്രത്തിൽ നിന്നും ഇന്ത്യൻ ദേശീയ ടീം വരെയെത്തിയ കായിക താരം എന്ന നിലയിൽ മിന്നു മണിയുടെ ദേശീയ ടീം പ്രവേശനം ഏറെ ശ്രദ്ധ നേടിയിരുന്നു. വനിതാ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസ് താരം കൂടിയാണ് മിന്നു മണി.
Discussion about this post