ലഡാക്ക്: കിഴക്കൻ ലഡാക്കിലെ സംഘർഷ മേഖലകളിൽ നിന്ന് ഇന്ത്യയും ചൈനയും സേനാ പിന്മാറ്റം തുടങ്ങി. 28-29നകം സേനാ പിന്മാറ്റം പൂർത്തിയാക്കും എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇതിനെ തുടർന്ന് 2020 ഏപ്രിലിൽ നിറുത്തിവച്ച പട്രോളിംഗ് പുനരാരംഭിക്കുമെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു.
നിലവിലുള്ള സൈനിക വിന്യാസം ഒഴിവാക്കുന്നതിനും സംഘർഷ സാഹചര്യം ലഘൂകരിക്കുവാനുമുള്ള കരാറിന്റെ അടിസ്ഥാനത്തിൽ നടപടികൾ തുടങ്ങി.ഇതിനെ തുടർന്ന് യഥാർത്ഥ നിയന്ത്രണ രേഖയ്‌ക്ക് ഇരുവശത്തും നിർമ്മിച്ച ടെന്റുകൾ,ഷെഡുകൾ തുടങ്ങിയ താത്‌കാലിക നിർമ്മിതികൾ പൊളിച്ചു തുടങ്ങി.
ഇനി വരുന്ന ദിവസങ്ങളിൽ പരസ്പര ധാരണയോടെയാകും ചൈനയുടെയും ഇന്ത്യയുടെയും സൈന്യം ഇവിടങ്ങളിൽ പട്രോളിങ് നടത്തുക. ആശയക്കുഴപ്പം ഒഴിവാക്കുവാനും അതിന്റെ പേരിൽ മറ്റൊരു സംഘർഷം ഉണ്ടാകുന്നത് തടയുവാനും വേണ്ടിയാണ് ഇത് .
അതേസമയം റഷ്യയുടെ നിർണായകമായ ഇടപെടലുകളാണ് ഇന്ത്യ ചൈന സമവായത്തിലെത്തുന്നതിലേക്ക് നയിച്ചത്. കഴിഞ്ഞ ആഗസ്റ്റിൽ തുടങ്ങിയ ചർച്ചകളിൽ റഷ്യയുടെ ഇടപെടൽ നിർണായകമായെന്നാണ് സൂചന. കഴിഞ്ഞ ദിവസം റഷ്യയിലെ കസാനിൽ ബ്രിക്‌സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗുമായി നടത്തിയ കൂടിക്കാഴ്ചയിൽ തർക്കങ്ങൾ പരിഹരിക്കാനുള്ള നടപടികൾ ചർച്ച ചെയ്തു. കരാറിനെ ഇരു നേതാക്കളും സ്വാഗതം ചെയ്തിരുന്നു.
Discussion about this post