ന്യൂഡൽഹി: ജമ്മു കശ്മീരിൽ സൈനിക വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ പാകിസ്താൻ ഭീകരരെന്ന് പ്രതിരോധവക്താവ്. ജമ്മു കശ്മീരിലെ സമാധാന അന്തരീക്ഷം തകർക്കുക, പ്രദേശവാസികളിൽ ഭീതി ജനിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടുകൊണ്ടുള്ള ആക്രമണമാണ് പ്രദേശത്ത് നടന്നതെന്നും പ്രതിരോധ വക്താവ് വ്യക്തമാക്കി. ആക്രമണത്തിന് പിന്നിലുള്ളവരെ കണ്ടെത്താനായി തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
നിയന്ത്രണ രേഖയിലും ആക്രമണം നടന്ന സ്ഥലത്തിന് സമീപവും ഇന്ന് രാവിലെ തന്നെ തിരച്ചിൽ ആരംഭിച്ചിരുന്നു. വാഹനത്തിന് നേരെ ആക്രമണം നടത്തിയ ഉടൻ തന്നെഭീകരർ വനത്തിലേക്ക് കടന്നുവെന്ന് വിവരം ലഭിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഉൾവനത്തിലേക്കും തിരച്ചിൽ വ്യാപിപ്പിച്ചിട്ടുണ്ട്. അക്രമികളെ കണ്ടെത്താനാവുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും മുതിർന്ന ഉദ്യോഗസ്ഥർ അറിയിച്ചു.
ജമ്മു കശ്മീരിലെ ഗുൽമാർഗ് സെക്ടറിൽ നിയന്ത്രണ രേഖക്ക് സമീപം വ്യാഴാഴ്ചയാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ രണ്ട് സൈനികർ വീരമൃത്യു വരിക്കുകയും രണ്ട് നാട്ടുകാർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. മൂന്ന് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു. റൈഫിൾമാൻമാരായ കൈസർ അഹമ്മദ് ഷാ, ജീവൻ സിംഗ് എന്നിവരാണ് വീരമൃത്യു വരിച്ചത്.
Discussion about this post