നല്ല ശമ്പളമുള്ള ജോലി എല്ലാവരുടെയും സ്വപ്നമാണ്. പഠിച്ചിറങ്ങിയാൽ തന്നെ, നല്ല ജോലി ലഭിക്കുന്നതിനായി നമ്മൾ ചിലപ്പോൾ പല കടമ്പകളും കടക്കേണ്ടി വരും. അതിലൊന്നാണ് ഇന്റർവ്യൂ. പക്ഷേ ഈ ഇന്റർവ്യൂകളെല്ലാം തന്നെ നമുക്ക് അനുയോജ്യമായിക്കൊള്ളണമെന്നില്ല. 10 ഇന്റർവ്യൂ അറ്റൻഡ് ചെയ്താൽ പോലും ചിലർക്ക് ജോലി ലഭിക്കാറില്ല. പലപ്പോഴും തൊടുന്യായങ്ങൾ പറഞ്ഞും നമ്മുടെ രാജ്യത്ത് ഇന്റർവ്യൂ ബോർഡ് ജോലി നിഷേധിക്കുകയാണെന്ന് ചൂണ്ടിക്കാണിക്കുകയാണ് സോഷ്യൽ മീഡിയയിൽ വൈറലായ കുറിപ്പ്.
പ്രമുഖ കമ്പനിയിൽ എച്ച് ആർ മാനേജരായ തന്റെ കസിൻ പലർക്കും ജോലി നിഷേധിക്കുന്നതിനു കാരണമായി ചൂണ്ടിക്കാട്ടിയ ഘടകങ്ങളാണ് ഒരു റെഡ്ഡിറ്റ് ഉപഭോക്താവ് റിക്രൂട്ടിങ് ഹെൽ എന്ന കമ്യൂണിറ്റി പേജിൽ ഞെട്ടലോടെ പങ്കുവച്ചത്. ‘കാഴ്ചയ്ക്ക് സൗന്ദര്യം അൽപ്പം കൂടുതലാണ്. ഇത്രയും സൗന്ദര്യമുള്ളവരെ എടുത്താൽ മറ്റുള്ളവർക്ക് ശ്രദ്ധ വ്യതിചലിക്കും. ഉദ്യോഗാർത്ഥിയുടെ ചിരി അധികമായി പോയി. ആത്മവിശ്വാസം ഇത്രയും ആവശ്യമില്ല. സംസാരിച്ചപ്പോൾ ഫില്ലർ വാക്കുകൾ കുറച്ചുകൂടി പോയി…’ എന്നിങ്ങനെയുള്ള ന്യായങ്ങൾ നിരത്തിയാണ് തന്റെ കസിന്റെ കമ്പനി പലർക്കും ജോലി നിഷേധിച്ചതെന്ന് പോസ്റ്റിൽ പറയുന്നു.
ചിലരുടെ വേഷവിധാനം അവർക്കു ജോലി നഷ്ടപ്പെടാൻ കാരണമാകുന്നതായും ഇതിൽ പറയുന്നു. ശരിയായ ചോദ്യങ്ങൾ തിരികെ അഭിമുഖകർത്താവിനോട് ചോദിക്കാതിരിക്കുന്നതും ജോലി നിഷേധിക്കപ്പെടാനുള്ള കാരണമാകാമെന്നും പോസ്റ്റിൽ കൂട്ടിച്ചേർക്കുന്നു.
Discussion about this post