തിരുവനന്തപുരം : പി ജയരാജന്റെ പുസ്തകത്തിലെ മദനിയെ കുറിച്ചുള്ള പരാമർശം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. അബ്ദുൾ നാസർ മദനിയെ ഏറ്റവും കൂടുതൽ പിന്തുണച്ചിട്ടുള്ളത് സിപിഎം ആണ്. മുസ്ലിംലീഗിനോട് മുഖ്യമന്ത്രി പിണറായി വിജയൻ ഇപ്പോൾ കാട്ടുന്ന വിരോധവും തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ളത് മാത്രമാണെന്നും സുരേന്ദ്രൻ വിമർശിച്ചു.
ജമാഅത്തെ ഇസ്ലാമി, പോപ്പുലര്‍ ഫ്രണ്ട് എന്നീ സംഘടനകളുമായി ഉണ്ടാക്കിയിട്ടുള്ള പാർട്ടിയാണ് സിപിഎം. ഇപ്പോൾ ഉപതിരഞ്ഞെടുപ്പ് മുന്നിൽകണ്ട് ഭൂരിപക്ഷ സമുദായത്തിന്റെ വോട്ടുകൾ കിട്ടാനായി ആണ് മുസ്ലിം ലീഗിനോട് പോലും വിരോധം കാണിക്കുന്നത്. എല്ലാ കാലവും ലീഗിനെ സഹായിച്ചിട്ടുള്ള പാർട്ടിയാണ് സിപിഎം. ഇപ്പോഴത്തെ തർക്കം തിരഞ്ഞെടുപ്പ് കാലത്തേക്ക് മാത്രമുള്ളതാണ് എന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി.
പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർത്ഥിയാക്കിയതിന്റെ പേരിൽ ഉണ്ടായ വിവാദങ്ങളെക്കുറിച്ചും കെ സുരേന്ദ്രൻ വിമർശനം ഉന്നയിച്ചു. രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർത്ഥിയാക്കിയതിൽ കോൺഗ്രസിൽ തന്നെ വലിയ എതിർപ്പാണ് ഉള്ളത്. കരുണാകരനെയും ഭാര്യയെയും പരസ്യമായി അധിക്ഷേപിച്ച വ്യക്തിയാണ് രാഹുൽ മാങ്കൂട്ടത്തിൽ. ഇതിനാൽ കോൺഗ്രസുകാരിൽ തന്നെ രാഹുലിനെതിരെ വലിയ എതിർപ്പുണ്ട് എന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.
Discussion about this post