ഡിജിറ്റൽ അറസ്റ്റു’കളിലൂടെ സൈബർ കുറ്റവാളികളെ കുറിച്ചുള്ള മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്രമോദി.വർദ്ധിച്ചുവരുന്ന ഈ പ്രശ്‌നത്തെ നേരിടാൻ ഒന്നിലധികം ഏജൻസികൾ ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് പ്രധനമന്ത്രി പറഞ്ഞു.
‘മൻ കി ബാത്തിന്റെ’ 115-ാം എപ്പിസോഡിലാണ് ഡിജിറ്റൽ അറസ്റ്റിനെ കുറിച്ച് പ്രധാനമന്ത്രി പരാമർശിച്ചത്.
സൈബർ തട്ടിപ്പുകൾ ഒരു പ്രധാന ആശങ്കയാണെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, ഇത്തരം തട്ടിപ്പുകൾ നേരിടുമ്പോൾ ‘കാത്തിരിക്കുക, ചിന്തിക്കുക, നടപടിയെടുക്കുക’ എന്ന സമീപനം പിന്തുടരാൻ പൗരന്മാരോട് അഭ്യർത്ഥിച്ചു.ഡിജിറ്റൽ അറസ്റ്റ് പോലെയുള്ള ഒരു സംവിധാനവും നിയമത്തിലില്ല. ഇത് ഒരു തട്ടിപ്പാണ്. സമൂഹത്തിന്റെ ശത്രുക്കളായ ഒരു സംഘം ക്രിമിനലുകളാണ് ഇതിന് പിന്നിലെന്നും മോദി ഓർമ്മിപ്പിച്ചു.
‘ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിന് പിന്നിലുള്ളവർ പോലീസ്, സിബിഐ, ആർബിഐ അല്ലെങ്കിൽ നാർക്കോട്ടിക് ഉദ്യോഗസ്ഥർ എന്ന വ്യാജേനയാണ് ഫോൺ ചെയ്യുന്നത്. അവർ വളരെ ആത്മവിശ്വാസത്തോടെയാണ് സംസാരിക്കുന്നത്. ആദ്യ ഘട്ടത്തിൽ വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ചോർത്തിയെടുക്കാനാണ് ശ്രമിക്കുന്നത്. തുടർന്ന് ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കും. നിങ്ങൾക്ക് ചിന്തിക്കാൻ പോലും കഴിയാത്തവിധം അവർ നിങ്ങളെ ഭയപ്പെടുത്തും. മൂന്നാം ഘട്ടത്തിലാണ് സമയവുമായി ബന്ധപ്പെട്ട് സമ്മർദ്ദം ചെലുത്തുന്നത്. എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ളവർ ഡിജിറ്റൽ അറസ്റ്റിന്റെ ഇരകൾ ആയിട്ടുണ്ട്. കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണമാണ് പലർക്കും നഷ്ടമായത്.
നിങ്ങൾക്ക് എപ്പോഴെങ്കിലും ഇങ്ങനെ ഒരു കോൾ വന്നാൽ പേടിക്കേണ്ട. ഒരു അന്വേഷണ ഏജൻസിയും ഫോണിലൂടെയോ വീഡിയോ കോളിലൂടെയോ ഇത്തരം ചോദ്യം ചെയ്യൽ നടത്തുന്നില്ലെന്ന് നിങ്ങൾ അറിഞ്ഞിരിക്കണം. ഡിജിറ്റൽ സുരക്ഷയ്ക്ക് 3 ഘട്ടങ്ങളുണ്ട്. നിർത്തുക, ചിന്തിക്കുക, നടപടിയെടുക്കുക. സാധ്യമെങ്കിൽ, ഒരു സ്‌ക്രീൻഷോട്ട് എടുത്ത ശേഷം റെക്കോർഡ് ചെയ്യുക.ഒരു സർക്കാർ ഏജൻസികളും ഫോണിലൂടെ ഇത്തരത്തിൽ ഭീഷണിപ്പെടുത്തുകയോ പണം ആവശ്യപ്പെടുകയോ ചെയ്യുന്നില്ല.’- മോദി മുന്നറിയിപ്പ് നൽകി
Discussion about this post