തിരുവനന്തപുരം : കേരളത്തിലെ അഞ്ച് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. കാലാവസ്ഥാവകുപ്പിന്റെ പുതുക്കിയ മഴ മുന്നറിയിപ്പ് പ്രകാരം അഞ്ചു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട് എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ഒക്ടോബർ 28 മുതൽ 31 വരെയുള്ള ദിവസങ്ങളിൽ സംസ്ഥാനത്ത് നേരിയതോ ഇടത്തരമോ ആയ മഴയ്ക്കുള്ള സാധ്യത ആണ് ഉള്ളതെന്നും കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
തെക്കു കിഴക്കന്‍ അറബിക്കടലിനു മുകളിലും തെക്കു പടിഞ്ഞാറന്‍ അറബിക്കടലിനും തെക്കു കിഴക്കന്‍ അറബിക്കടലിനും മുകളിലായും രണ്ടു ചക്രവാതച്ചുഴികള്‍ സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ് കേരളത്തില്‍ മഴ ലഭിക്കുന്നത്. കേരള – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിനും വിലക്കുണ്ട്. മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ ഉള്ളവർ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
Discussion about this post