ഗാന്ധിനഗർ: രാജ്യത്തെ ആദ്യം സ്വകാര്യ സൈനിക വിമാന നിർമ്മാണ കേന്ദ്രം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി.ടാറ്റ വിമാന നിർമാണ സൗകര്യം (ടാറ്റ എയർബസ് മാനുഫാക്ടറിംഗ് ഫെസിലിറ്റി) ഇന്ത്യ- സ്പെയിൻ ബന്ധം ദൃഢമാക്കുമെന്ന് ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രി പറഞ്ഞു. പദ്ധതിക്ക് പിന്നിലെ ബുദ്ധികേന്ദ്രമായ അന്തരിച്ച രത്തൻ ടാറ്റയ്ക്ക് പ്രധാനമന്ത്രി ആദരാജ്ഞലി അർപ്പിച്ചു. 2012ൽ രത്തൻ ടാറ്റയാണ് പദ്ധതി ആദ്യം വിഭാവനം ചെയ്തത്.ചടങ്ങിൽ സ്പാനിഷ് പ്രധാനമന്ത്രി പെട്രോ സാഞ്ചെസും പങ്കെടുത്തിരുന്നു.
സി-295 വിമാനങ്ങളുടെ നിർമാണ കേന്ദ്രമായ ടാറ്റ എയർക്രാഫ്റ്റ് കോംപ്‌ളക്സ് ഗുജറാത്തിലെ വഡോദരയിലാണ് പ്രവർത്തനം ആരംഭിച്ചത്. വിമാനഭാഗങ്ങൾ ഒന്നിച്ചുചേർക്കൽ, ടെസ്റ്റിങ്, വിതരണം, പരിപാലനം തുടങ്ങി വിമാനങ്ങളുടെ നിർമാണപ്രക്രിയയുടെ മുഴുവൻ ഘട്ടങ്ങളും ഇവിടെ നടക്കും. സ്വകാര്യമേഖയിൽ സൈനികവിമാനങ്ങൾ നിർമിക്കുന്നതിനുള്ള രാജ്യത്തെ ആദ്യ സംരംഭമാണിത്. ടാറ്റ അഡ്‌വാൻസ് സിസ്റ്റംസ് ലിമിറ്റഡും(ടി.എ.എസ്.എൽ.) യൂറോപ്യൻ വിമാനനിർമാണ കമ്പനിയായ എയർബസും ചേർന്നാണ് പദ്ധതിയുടെ നടത്തിപ്പ്. പ്രതിരോധ മേഖലയിൽ ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ സാക്ഷാത്കാരമാണ് സ്വകാര്യ സൈനിക വിമാന നിർമാണ കേന്ദ്രം
ഇവിടെ നിർമിക്കുന്ന 40 വിമാനങ്ങളിൽ ആദ്യത്തേത് 2026 സെപ്റ്റംബറോടെ പുറത്തിറങ്ങും. ബാക്കിയുള്ള 39 എണ്ണം 2031 ഓഗസ്റ്റോടെ പൂർത്തിയാകും. സൈനികവിമാനങ്ങൾക്കായുള്ള ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ഫൈനൽ അസംബ്ലി ലൈൻ പണിശാലയാണ് വഡോദരയിലേത്. 2021-ലാണ് ഇന്ത്യൻ പ്രതിരോധമന്ത്രാലയവും സ്‌പെയിനിലെ എയർബസ് ഡിഫൻസ് ആൻഡ് സ്പെയ്സ് എസ്.എ.യും തമ്മിൽ 56 സി-295 വിമാനങ്ങൾക്ക് കരാറൊപ്പിട്ടത്. 21,935 കോടി രൂപയുടെ കരാർപ്രകാരം 16 വിമാനങ്ങൾ സ്‌പെയിനിൽത്തന്നെ നിർമിച്ച് അടുത്തവർഷം ഓഗസ്റ്റോടെ ഇന്ത്യയിലെത്തിക്കും.
അഞ്ച് മുതൽ 10 ടൺവരെ ശേഷിയുള്ള വിമാനമാണ് സി-295. ഇന്ത്യൻ വ്യോമസേനയിലെ ആദ്യ വിമാനങ്ങളായ എവിആർഒ-748 വിമാനങ്ങൾക്ക് പകരമായാണ് ഇവ എത്തുന്നത്. 71 ട്രൂപ്പുകളെയും 50 പാരട്രൂപ്പുകളെയുംവരെ വഹിക്കാൻ സി-295 വിമാനങ്ങൾക്കാവും. നിലവിൽ വ്യോമസേനയുടെ പക്കലുള്ള ഭാരമുള്ള വിമാനങ്ങൾക്ക് എത്തിപ്പെടാനാകാത്ത സ്ഥലങ്ങളിലും സി-295ന് എത്തിച്ചേരാനാവും.
Discussion about this post