എറണാകുളം : ജാക്കറ്റിനുള്ളിൽ സൂക്ഷിച്ച നിലയിൽ ലഹരി മരുന്നുമായി യുവാവ് പിടിയിൽ. 20 ലക്ഷം രൂപ വിലമതിക്കുന്ന രാസ ലഹരിയാണ് പ്രതിയിൽ നിന്നും കണ്ടെടുത്തത്. കോതമംഗലം, പൈങ്ങോട്ടൂർ ഞാറക്കാട് കണ്ണന്തറയിൽ അഭിരാജ് (29) ആണ് അറസ്റ്റിൽ ആയത്. ജാക്കറ്റിനുള്ളിലെ പ്രത്യേക അറയിൽ സൂക്ഷിച്ച നിലയിലായിരുന്നു ഇയാൾ ലഹരി മരുന്ന് കടത്തിയിരുന്നത്.
എറണാകുളം റൂറൽ ജില്ലാ ഡാൻസാഫ് ടീമും കാലടി പോലീസും ചേർന്നാണ് ലഹരിക്കടുത്ത് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി ഡോ വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ ചന്ദ്രപ്പുര ഭാഗത്ത് നിന്നുമാണ് അഭിരാജിനെ പിടികൂടിയത്. ഇയാളുടെ ജാക്കറ്റിൽ നിന്നും 300 ഗ്രാം ലാസലഹരിയാണ് കണ്ടെത്തിയത്.
ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് ലഹരി നടത്തുന്നതിനിടയിലാണ് അഭിരാജ് പിടിയിലായത്. ബംഗളൂരുവിൽ നിന്നും കാറിൽ എറണാകുളത്തേക്ക് വരുന്നതിനിടെ പോലീസ് കൈകാണിച്ചെങ്കിലും വാഹനം നിർത്താതെ അമിത വേഗത്തിൽ ഓടിച്ചു പോയി. പോലീസ് പിന്തുടർന്നതോടെ വാഹനം ഉപേക്ഷിച്ച് പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് വളഞ്ഞ് പിടികൂടുകയായിരുന്നു. 2023 ൽ പോത്താനിക്കാട് നിന്ന് 20 കിലോ കഞ്ചാവ് പിടികൂടിയ കേസിലും അഭിരാജ് പ്രതിയായിരുന്നു.
Discussion about this post