ന്യൂഡൽഹി: വിവിധ തരത്തിലുള്ള യുദ്ധങ്ങൾ കാരണം സംഘർഷ മുഖരിതമായിരിക്കുകയാണ് പശ്ചിമേഷ്യ. ഇതിന്റെ സാമ്പത്തിക സാമൂഹിക പ്രത്യാഘാതങ്ങൾ ലോകം മുഴുവൻ അനുഭവപ്പെടുകയാണ്.ആഗോള ക്രൂഡോയില്‍ വില ബാരലിന് 76 ഡോളറിലേക്ക് ഉയർന്നിരിക്കുകയാണ്. ഇതേ തുടർന്ന് ഇന്ത്യയിലെ പൊതുമേഖലാ എണ്ണക്കമ്പനികളുടെ ലാഭത്തിൽ വലിയ ഇടിവുണ്ടായിരിക്കുകയാണ്.
ജൂലായ് മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മൂന്ന് മാസത്തില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ എന്നീ മൂന്ന് കമ്പനികളുടെയും ലാഭം നൂറ് ശതമാനത്തിനടുത്താണ് ഇടിഞ്ഞത്.
രാജ്യത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ ഇന്ത്യന്‍ ഓയിലിന്റെ അറ്റാദായം ഇക്കാലയളവില്‍ 99 ശതമാനം ഇടിവോടെ 180 കോടി രൂപയായി. മുന്‍വര്‍ഷം അറ്റാദായം 12,967 കോടി രൂപയായിരുന്നു. വരുമാനം മുന്‍വര്‍ഷത്തെ 2.02 ലക്ഷം കോടിയില്‍ നിന്ന് നാല് ശതമാനം കുറഞ്ഞ് 1.95 ലക്ഷം കോടി രൂപയിലെത്തി. പെട്രോള്‍, ഡീസല്‍ എന്നിവയുടെ വില നിര്‍ണയാവകാശം നഷ്ടമായതിനാല്‍ കമ്പനികള്‍ക്ക് സ്വമേധയ വില്പന വില ഉയര്‍ത്താനാകുന്നില്ല. നിലവില്‍ ഉത്പാദന ചെലവിനേക്കാള്‍ കുറഞ്ഞ നിരക്കിലാണ് ഉത്പന്നങ്ങള്‍ വില്‍ക്കുന്നത്.
ഇതോടു കൂടി പെട്രോൾ വില ഉയർത്താൻ സമ്മർദ്ദം ശക്തമായിരിക്കുകയാണ്. കാലവർഷം കനത്തതോടെ എണ്ണ ഉപയോഗം കുറഞ്ഞതും, വൈദ്യുതി വാഹനങ്ങൾ വർദ്ധിച്ചു വരുന്നതും എന്ന കമ്പനികളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഈ ഘടകങ്ങൾ ഒക്കെ പരിഗണിക്കുമ്പോൾ എണ്ണവില കൂടാനുള്ള സാധ്യതയാണ് നിലവിൽ കാണുന്നത്.
Discussion about this post