നാഗ്പുര്‍: രാജ്യത്തെ ഭീതിയിലാഴ്ത്തിയ ബോംബ് ഭീഷണി ഇ മെയിലുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചയാളെ അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. മഹാരാഷ്ട്ര സ്വദേശിയാണ് ഇയാളെന്നാണ് പുറത്തുവരുന്ന വിവരം. ഭീകരവാദവുമായി ബന്ധപ്പെട്ട പുസ്തകം എഴുതിയ എഴുത്തുകാരനാണ് ഇയാളെന്ന് സുരാക്ഷാവൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
മഹാരാഷ്ട്രയിലെ വിദര്‍ഭയിലെ മാവോവാദി മേഖലയായ ഗോണ്ടിയ ജില്ലയില്‍ താമസിക്കുന്ന 35-കാരനായ ജഗദീഷ് ഉയിക്യെ ഭീകരവാദവുമായി ബന്ധപ്പെട്ട പുസ്തകം എഴുതിയിട്ടുണ്ട്. നിഗൂഢതകള്‍ നിറഞ്ഞ സ്വകാര്യ ഭീകരവാദ കോഡിനെക്കുറിച്ചും ഇയാള്‍ പുസ്തകത്തില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ട്രെയിനുകള്‍ റെയില്‍വേ ഇടങ്ങളില്‍ അടക്കം അഞ്ച് ദിവസത്തിനിടെ 30 സ്‌ഫോടനങ്ങള്‍ ഉണ്ടാകുമെന്നും 25-എംബിഎ-5-എം.ടി.ആര്‍ എന്ന കോഡിനെക്കുറിച്ചും പുസ്തകത്തില്‍ പറയുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
2021-ല്‍ സമാനമായി വ്യാജ ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട് ഇയാള്‍ പിടിയിലായിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസ്, കേന്ദ്ര റെയില്‍വേ മന്ത്രി, മഹാരാഷ്ട്ര മുഖ്യമന്ത്രി, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി, വ്യോമയാന ഉദ്യോഗസ്ഥര്‍, ഡിജിപി, റെയില്‍വേ സുരക്ഷാ സേന തുടങ്ങിയവര്‍ക്ക് ഇയാള്‍ ഇത്തരത്തില്‍ ഇ മെയില്‍ അയച്ചതായി റിപ്പോര്‍ട്ടിലുണ്ട്.
രഹസ്യ കോഡുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്ക് തയ്യാറായില്ലെങ്കില്‍ പ്രതിഷേധം സംഘടിപ്പിക്കും എന്ന ഭീഷണിയുടെ പശ്ചാത്തലത്തില്‍ ദേവേന്ദ്ര ഫഡ്‌നവിസിന്റെ വസതിക്ക് മുമ്പില്‍ നാഗ്പുര്‍ പോലീസ് സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കു വേണ്ടിയും ശ്രമിച്ചിരുന്നു.
Discussion about this post