കണ്ണൂർ: കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ കീഴടങ്ങുമോ എന്നതിനെ കുറിച്ച് ദിവ്യയുടെ വക്കീൽ നൽകിയ സൂചന ശ്രദ്ധേയമാകുന്നു. ദിവ്യ കീഴടങ്ങിയേക്കുമെന്ന അഭ്യൂഹങ്ങൾ തള്ളിയാണ് അഭിഭാഷകൻ കെ വിശ്വൻ രംഗത്ത് വന്നത്. വിധിപ്പകർപ്പ് കിട്ടിയാലുടൻ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് അഡ്വക്കേറ്റിന്റെ ഭാഗത്ത് നിന്നും വന്ന പ്രതികരണം. ഹൈക്കോടതിയെ സമീപിക്കുമെങ്കിൽ പിന്നെ കീഴടങ്ങേണ്ടല്ലോയെന്നും അഭിഭാഷകൻ വ്യക്തമാക്കി.
സിപിഎമ്മിന്റെ ഒരു പ്രധാനപ്പെട്ട നേതാവ് ഇന്നലെ ദിവ്യയുമായി സംസാരിച്ചതായാണ് വിവരം. കോടതിയിൽ നിന്ന് തിരിച്ചടി ഉണ്ടാവുകയാണെങ്കിൽ കീഴടങ്ങണമെന്ന പാർട്ടിയുടെ നിർദേശം നേതാവ് കൈമാറിയതായാണ് വിവരം. അതേസമയം പി പി ദിവ്യയുടെ നീക്കം എന്താണെന്നതിനെ കുറിച്ച് വ്യക്തതയില്ല. തൽക്കാലം കീഴടങ്ങില്ലെന്നും, ഹൈക്കോടതിയുടെ കൂടി വിധി വന്നതിന് ശേഷമാകും കീഴടങ്ങലിനെ കുറിച്ച് ആലോചിക്കുക എന്നുമാണ് ദിവ്യയുമായി അടുപ്പമുള്ളവർ പറയുന്നത്
നിലവിൽ പാർട്ടിയുടെ പൂർണ്ണ സംരക്ഷണത്തിൽ തന്നെയാണ് ദിവ്യ കഴിയുന്നത്. പയ്യന്നൂരിലെ കാങ്കോലിനടുത്തുള്ള ആലമ്പടപ്പയിൽ ദിവ്യ ഒളിവിൽ താമസിക്കുന്നുണ്ടെന്നാണ് കരുതപ്പെടുന്നത് . പാർട്ടിക്ക് വലിയ സ്വാധീനമുള്ള, പാർട്ടി കോട്ടയെന്ന് വിശേഷിപ്പിക്കപ്പെടുന്ന, പ്രതിപക്ഷം പോലുമില്ലാത്ത മേഖലയാണിത്.
Discussion about this post