മുംബൈ: ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്‌ണോയിയെ വധിക്കുന്ന തടവുകാർക്ക് പാരിതോഷികം പ്രഖ്യാപിച്ച് കർണി സേന. അഹമ്മദാബാദിലെ സബർമതി സെൻട്രൽ ജയിലിൽ കഴിയുന്ന ലോറൻസ് ബിഷ്‌ണോയിയെ അവിടെവച്ച് ഇല്ലാതാക്കുന്ന തടവുകാർക്ക് 1,11,11,111 രൂപയാണ് പാരിതോഷികം നൽകുമെന്ന് കർണി സേന തലവൻ രാജ് ഷെഖാവത്ത് വ്യക്തമാക്കി. നേരത്തെ ലോറൻസ് ബിഷ്‌ണോയിയെ വധിക്കുന്ന പോലീസുകാർക്കും കർണി സേന പാരിതോഷികം വാഗ്ദാനം ചെയ്തിരുന്നു.
സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിലാണ് രാജ് ഷെഖാവത്ത് വീണ്ടും പാരിതോഷികത്തെ കുറിച്ച് വ്യക്തമാക്കിയത്. മുമ്പ് വാർത്താസമ്മേളനത്തിനിടെയായിരുന്നു പോലീസുകാർക്ക് പാരിതോഷികം വാഗ്ദാനം ചെയ്തത്. പോലീസുകാർക്ക് മാത്രമല്ല, ജയിൽ വളപ്പിൽ വച്ച് ബിഷ്‌ണോയിയെ കൊലപ്പെടുത്തുന്ന ഏതൊരു തടവുകാരനും ഇതേ പ്രതിഫലം നൽകുമെന്നും കർണി സേന നേതാവ് വീഡിയോായിൽ പറഞ്ഞു. നമ്മുടെ ഇന്ത്യയുടെ വലയേറിയ പൈതൃകത്തിന്റെ കൊലയാളിയാണ് ലോറൻസ് ബിഷ്‌ണോയി എന്ന് വീഡിയോയിൽ അദ്ദേഹം വ്യക്തമാക്കുന്നു.
അതിർത്തി കടന്നുള്ള മയക്കുമരുന്ന് കേസിലാണ് ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്‌ണോയി ജയിലിൽ കഴിയുന്നത്. കഴിഞ്ഞ ഏപ്രിലിൽ ബോളിവുഡ് താരം സൽമാൻ ഖാന്റെ മുംബൈയിലെ വസതിക്ക് മുമ്പിൽ നടന്ന വെടിവെയ്പ്പിലും ലോഹൻസ് ബിഷ്‌ണോയിക്ക് പങ്കുണ്ടെന്ന് വ്യക്തമായിരുന്നു. 2023 ഡിസംബർ 5ന് ജയ്പൂരിൽ വച്ച് കർണിസേന തലവൻ സുഖ്‌ദേവ് സിംഗ് ഗോഗമേദി വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിലും കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ബിഷ്‌ണോയി സംഘം രംഗത്ത് വന്നിരുന്നു. മഹാരാഷ്ട്ര മുൻ മന്ത്രി ബാബാ സിദ്ദിഖി കൊല്ലപ്പെട്ട സംഭവത്തിലും ബിഷ്‌ണോയി സംഘം ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്.
Discussion about this post