റായ്പൂർ : ഛത്തീസ്ഗഡിൽ വൻ കമ്മ്യൂണിസ്റ്റ് ഭീകര വേട്ട. ഛത്തീസ്ഗഡിലെ സുക്മ ജില്ലയിൽ നടന്ന ഭീകര വേട്ടയിൽ 19 കമ്മ്യൂണിസ്റ്റ് ഭീകരർ ആണ് അറസ്റ്റിൽ ആയത്. ഇവരിൽ സർക്കാർ തലയ്ക്ക് വിലയിട്ടിട്ടുള്ള മൂന്ന് ഭീകരരും ഉൾപ്പെടുന്നുണ്ട്.
ജില്ലാ റിസർവ് ഗാർഡിൻ്റെ (ഡിആർജി), സെൻട്രൽ റിസർവ് പോലീസ് സേനയുടെ 219, 150 ബറ്റാലിയനുകൾ, കോബ്രയുടെ 201-ാം ബറ്റാലിയൻ (റിസല്യൂട്ട് ആക്ഷൻ കമാൻഡോ ബറ്റാലിയൻ – സിആർപിഎഫിൻ്റെ ഒരു എലൈറ്റ് യൂണിറ്റ്) എന്നിവയുടെ സംയുക്ത ടീമുകൾ ആണ് ദൗത്യത്തിന് നേതൃത്വം നൽകിയത്. ജഗർഗുണ്ട പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് മാത്രം 14 കമ്മ്യൂണിസ്റ്റ് ഭീകരരെയാണ് ദൗത്യസംഘം പിടികൂടിയത്.
ഭേജ്ജി പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും 5 കമ്മ്യൂണിസ്റ്റ് ഭീകരരെയും ദൗത്യസംഘം പിടികൂടിയിട്ടുണ്ട്. പിടികൂടിയ ഭീകരരിൽ നിന്നും ജലാറ്റിൻ സ്റ്റിക്കുകൾ, വെടിമരുന്ന്, കോർഡക്സ് വയർ, ഡിറ്റണേറ്ററുകൾ, ഇലക്ട്രിക് വയർ, ബാറ്ററികൾ എന്നിവയും സുരക്ഷാ സേന പിടിച്ചെടുത്തു. കഴിഞ്ഞ ഫെബ്രുവരിയിൽ ഈ മേഖലയിൽ വൈദ്യുതി പോസ്റ്റ് സ്ഥാപിക്കാൻ എത്തിയ വൈദ്യുതി വകുപ്പ് ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾ ഉൾപ്പെടെയുള്ളവരെയാണ് സുരക്ഷാസേന പിടികൂടിയിട്ടുള്ളത്.
Discussion about this post