ഡല്‍ഹി: വിവരാവകാശ കമ്മീഷണര്‍മാരുടെ സാധ്യതാ ലിസ്റ്റില്‍നിന്ന് ഡല്‍ഹി പോലീസ് കമ്മീഷണര്‍ ബി.എസ് ബസ്സിയെ നീക്കി. ബസ്സി വിവരാവകാശ കമ്മീഷണര്‍ ആകുന്നതിനെതിരെ വ്യാപക എതിര്‍പ്പുയര്‍ന്നിരുന്നു. വിഷയത്തില്‍ മുന്‍ മുഖ്യ വിവരാവകാശ കമ്മീഷണര്‍ ശൈലേഷ് ഗാന്ധി ക്യാബിനെറ്റ് സെക്രട്ടറിക്ക് കത്തയച്ചിരുന്നു. ബസ്സി രാജ്യത്തെ ഉന്നത ഏജന്‍സിയില്‍ എത്തുന്ന ദിനം ജനാധിപത്യത്തിന്റെ കറുത്ത ദിനമായിരിക്കുമെന്ന് അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
അതേ സമയം ജഹവര്‍ലാല്‍ നെഹ്രു സര്‍വകലാശാലയിലും പട്യാല ഹൗസ് കോടതിക്കുമുന്നിലും നടന്ന സംഭവങ്ങള്‍ കൈകാര്യം ചെയ്തതില്‍ വീഴ്ച വരുത്തിയതാണ് തീരുമാനത്തിന് പിന്നിലെന്നാണ് സൂചന.പ്രധാനമന്ത്രി നരേന്ദ്ര മോദി, ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി, ലോക്സഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുര്‍ ഖാര്‍ഗെ എന്നിവര്‍ അംഗങ്ങളായ സമിതിയുടെ യോഗത്തിലാണ് തീരുമാനം.ബസ്സി കേന്ദ്രസര്‍ക്കാരിന്റെ ഏജന്റായാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളും ആരോപണം ഉന്നയിച്ചിരുന്നു. ജെ.എന്‍.യു സ്റ്റുഡന്റ്സ് യൂണിയന് ചെയര്മാന് കനയ്യ കുമാറിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ കേന്ദ്രബിന്ദുവായിരുന്നു ബസ്സി. ഈ മാസം അവസാനം സര്‍വീസില്‍നിന്ന് വിരമിക്കാനിരിക്കെയാണ് ബസ്സി വിവരാവകാശ കമ്മീഷണറുടെ ഒഴിവിലേക്ക് അപേക്ഷ സമര്‍പ്പിച്ചത്.
Discussion about this post