ഡല്‍ഹി: 2002 ലെ വാഹനാപകടക്കേസില്‍ ബോളിവുഡ് താരം സല്മാന് ഖാന് സുപ്രീം കോടതി നോട്ടീസ്. കേസില്‍ സല്മാന് ഖാനെ കുറ്റ വിമുക്തനാക്കിയ ബോംബെ ഹൈക്കോടതി വിധിക്കെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍ നല്കിയ ഹര്‍ജിയിലാണ് നോട്ടീസ്. മഹാരാഷ്ട്ര സര്‍ക്കാരിനു പുറമെ അപകടത്തില്‍ പരിക്കേറ്റ വ്യക്തിയും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.
2002 സെപ്റ്റംബര്‍ 28ന് മുംബൈയില്‍ സല്മാന് ഖാന് സഞ്ചരിച്ച ലാന്റ് ക്രൂയിസര്‍ കാര്‍ നിയന്ത്രണം വിട്ട് വഴിയരികില്‍ ഉറങ്ങുകയായിരുന്നവരുടെ മേല്‍ പാഞ്ഞു കയറിയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചിരുന്നു. വിചാരണകോടതി ശിക്ഷ വിധിച്ച കേസ് ബോംബെ ഹൈക്കോടതി വിട്ടയക്കുകയായിരുന്നു.സല്മാന് ഖാനാണ് കാറോടിച്ചിരുന്നത് എന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചിരുന്നില്ല. സല്മാന് ഖാന് വേണ്ടി കപില്‍ സിബല്‍ ് കോടതിയില്‍ ഹാജരായി. സംഭവം നടക്കുന്ന സമയത്ത് സല്മാന്ഖാന് മദ്യപിച്ചിരുന്നതായി യാതൊരു തെളിവുമല്ലെന്നും എഫ്.ഐ.ആറില്‍ പോലും ഇത്തരമൊരു കാര്യം ആരോപിയ്ക്കുന്നില്ലെന്നും സല്മാന് ഖാന്റെ അഭിഭാഷകന് വാദിച്ചു.
ഒരേയൊരു സാക്ഷിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സല്‍മാനെ വിചാരണ കോടതി ശിക്ഷിച്ചതെന്നും കപില്‍ സിബല്‍ പറഞ്ഞു. എന്നാല്‍, ഒരു സാക്ഷിയുടെ തെളിവ് മാത്രമല്ല, സല്‍മാനെതിരെ കൂടുതല്‍ തെളിവുകളുണ്ടെന്ന് അറ്റോണി ജനറല്‍ മുകുള്‍ റോത്തഗി വാദിച്ചു. കേസില്‍ സല്‍മാനെ വിട്ടയച്ചത് നീതിയെ പരിഹാസ്യമാക്കുന്നതാണ്. ഖാന്റ ഡ്രൈവറാണ് കാറോടിച്ചതെന്ന ഹൈക്കോടതിയുടെ കണ്ടത്തെല്‍ യുക്തിക്ക് നിരക്കുന്നതല്ലെന്നും അദ്ദേഹം കോടതിയില്‍ ബോധിപ്പിച്ചു.കുറ്റവിമുക്തനാക്കിയ വിധി റദ്ദാക്കാതിരിയ്ക്കാന്‍ കാരണം ബോധിപ്പിയ്ക്കാനും സുപ്രീം കോടതി ആവശ്യപ്പെട്ടു.
Discussion about this post