കാബൂൾ: അഫ്ഗാനിലെ സ്ത്രീ സമൂഹത്തിന് മേൽ വീണ്ടും വിചിത്ര നിയമങ്ങൾ അടിച്ചേൽപ്പിച്ച് താലിബാൻ. ഒരു സ്ത്രീ മറ്റൊരു സ്ത്രീയുടെ ശബ്ദം കേൾക്കുന്നതിന് വിലക്കേർപ്പെടുത്തിക്കൊണ്ടാണ് താലിബാൻ കിരാത നിയമങ്ങൾ നടപ്പാക്കുന്നത് തുടരുന്നത്. നിയമം ലംഘിക്കുന്ന സ്ത്രീകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ് താലിബാന്റെ മുന്നറിയിപ്പ്.
വിർജീനിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാദ്ധ്യമം ആണ് താലിബാന്റെ പുതിയ നിയമത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്. സദ്ഗുണ പ്രചാരണ മന്ത്രി മുഹമ്മദ് ഖാലിദ് ഹനാഫിയാണ് പുതിയ നിയമം സംബന്ധിച്ച ഉത്തരവ് പുറത്തുവിട്ടത്. സ്ത്രീകൾ പരസ്പരം ശബ്ദം കേൾക്കാൻ പാടില്ലാത്തതിനാൽ സ്ത്രീകളുടെ ഉറക്കെയുള്ള പ്രാർത്ഥനയും താലിബാൻ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
ഖുർആൻ പ്രകാരം സ്ത്രീകളുടെ ശബ്ദം ഒളിച്ച് വയ്‌ക്കേണ്ടത് ആണെന്ന് ഉത്തരവിന് പിന്നാലെ ഹനാഫി പ്രതികരിച്ചു. ഇത് കണക്കിലെടുത്തുകൊണ്ടാണ് ഒരു സ്ത്രീ മറ്റൊരു സ്ത്രീയുടെ ശബ്ദം കേൾക്കരുതെന്ന ഉത്തരവ് പുറപ്പെടുവിച്ചത്. പൊതുമദ്ധ്യത്തിലും സ്ത്രീകളുടെ ശബ്ദം കേൾക്കരുത്. അതിനാൽ പൊതുസ്ഥലത്ത് ഖുർആൻ പാരായണം ചെയ്യരുത്. പാട്ടുകൾ പാടുകയോ പാട്ടുകൾ കേൾക്കുകയോ ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു. ജോലിക്കാരായ സ്ത്രീകൾ സഹജീവനക്കാരായ സ്ത്രീകളോട് സംസാരിക്കരുത് എന്നും ഉത്തരവിൽ പറയുന്നുണ്ട്.
2021ലാണ് താലിബാൻ അഫ്ഗാനിസ്ഥാൻ പിടിച്ചെടുത്തത്. ഇതിന് പിന്നാലെ സ്ത്രീകൾക്ക് ബുർഖ നിർബന്ധം ആക്കിക്കൊണ്ടായിരുന്നു താലിബാൻ പുതിയ ഭരണ പരിഷ്‌കാരങ്ങൾക്ക് തുടക്കമിട്ടത്. പിന്നീട് സ്ത്രീകൾ വിദ്യാഭ്യാസം നേടുന്നത് ഉൾപ്പെടെ താലിബാൻ തടഞ്ഞിരുന്നു. ഈ നിയമ പരിഷ്‌കാരങ്ങളെല്ലാം താലിബാന് രൂക്ഷ വിമർശനം ആയിരുന്നു നേടിക്കൊടുത്തത്.
Discussion about this post