ആലപ്പുഴ : പ്രതിപക്ഷനേതാവ് വി ഡി സതീശനെതിരെ രൂക്ഷ വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വി ഡി സതീശൻ വെറും തറ വർത്തമാനം ആണ് പറയുന്നത്. ഇത്രയും തറയായ ഒരു പ്രതിപക്ഷ നേതാവിനെ കേരളം മുൻപ് കണ്ടിട്ടില്ല. നിഷേധാത്മകമായ നിലപാടും അഹങ്കാരവുമാണ് പ്രതിപക്ഷ നേതാവിന്‍റെ മുഖമുദ്ര എന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.
സതീശൻ കോൺഗ്രസിന്റെ ശവക്കല്ലറ പണിയുകയാണ് ചെയ്യുന്നത്. ഇങ്ങനെ പോയാൽ വീണ്ടും എൽഡിഎഫ് തന്നെ അധികാരത്തിൽ എത്തും. എൽഡിഎഫിന്റെ ഭരണ മികവ് കൊണ്ടല്ല മറിച്ച് കോൺഗ്രസിലെ തമ്മിൽതല്ല് കാരണമായിരിക്കും എൽഡിഎഫ് വീണ്ടും അധികാരത്തിൽ എത്തുക എന്നും വെള്ളാപ്പള്ളി നടേശൻ അഭിപ്രായപ്പെട്ടു.
കോൺഗ്രസിനോട് തനിക്ക് യാതൊരു വിരോധവും ഇല്ല. എന്നാൽ കോൺഗ്രസ് നേതാക്കൾ വ്യക്തി വിദ്വേഷം തീർക്കുക മാത്രമാണ് ചെയ്യുന്നത്. കെ സുധാകരനെ ഒരു മൂലയ്ക്കിരുത്തി വി ഡി സതീശൻ ആണ് കാര്യങ്ങൾ നടപ്പിലാക്കുന്നത്. നേതാക്കൾ തമ്മിലുള്ള അനൈക്യം ആണ് കോൺഗ്രസ് നേരിടുന്ന പ്രശ്നം.സതീശൻ ശൈലി കോൺഗ്രസ് മാറ്റണമെന്നും വെള്ളാപ്പള്ളി നടേശൻ അഭിപ്രായപ്പെട്ടു.
Discussion about this post