വിഴിഞ്ഞം: ട്രയൽ റണ്ണിൽ പ്രവർത്തിക്കുമ്പോൾ തന്നെ കേന്ദ്രത്തിനും സംസ്ഥന സർക്കാരിനും കോടികളുടെ നികുതി വരുമാനം നൽകി വിഴിഞ്ഞം തുറമുഖം. ജൂലായ് 11ന് ട്രയൽ തുടങ്ങിയ ശേഷം വിഴിഞ്ഞത്ത് എത്തിയത് 35 കപ്പലുകളാണ്. മൊത്തത്തിൽ 80,000 കണ്ടെയ്നർ ഈ കപ്പലുകളിൽ നിന്നായി ഇറക്കി. ഇതിൽ നിന്നും ഏഴു കോടി രൂപയോളമാണ് നികുതി വരുമാനം പിരിഞ്ഞു കിട്ടിയിരിക്കുന്നത്. സംസ്ഥാനത്തിനെന്ന പോലെ കേന്ദ്രത്തിനും ഗണ്യമായ തുക ലഭിച്ചു.
ചരക്ക് ലോഡിംഗ്, അൺലോഡിംഗ്. കപ്പലുകൾക്ക് നൽകുന്ന മറ്റു സേവനങ്ങൾ. ഇന്ധനം നിറയ്ക്കുമ്പോൾ ഒക്കെ വിഴിഞ്ഞത്ത് നികുതി ലഭിക്കും. ഒരു മദർഷിപ്പ് വന്നുപോവുമ്പോൾ ഏറ്റവും ചുരുങ്ങിയത് ഒരു കോടി രൂപയെങ്കിലുമാണ് നികുതിയിൽ നിന്നും വരുമാനം പ്രതീക്ഷിക്കപ്പെടുന്നത്.
ഡിസംബറോടു കൂടി വിഴിഞ്ഞം തുറമുഖത്തിന്റെ ആദ്യഘട്ടം കമ്മിഷൻ ചെയ്യും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതോടു കൂടി പ്രതിവർഷം 10 ലക്ഷം കണ്ടെയ്നറുകൾ കൈകാര്യം ചെയ്യാൻ ശേഷിയുണ്ടാവും. 2028ൽ തുറമുഖം പൂർണതോതിലാവുമ്പോൾ ശേഷി 30 ലക്ഷമാവും. ഇതോടെ പ്രതിവർഷം കുറഞ്ഞത് 500 കോടി നികുതി വരുമാനം ലഭിക്കും എന്നാണ് കരുതുന്നത്. തുറമുഖ വരുമാനത്തിന്റെ 18 ശതമാനമാണ് ജി.എസ്.ടി ചുമത്തുന്നത്. ഇത് സംസ്ഥാനവും കേന്ദ്രവും തുല്യമായി വീതിക്കും
Discussion about this post