ന്യൂഡൽഹി: ബിജെപിയെ ചോദ്യം ചെയ്യുന്നതിന് പകരം കോൺഗ്രസ് സ്വയം വിമർശിക്കണമെന്ന് വ്യക്തമാക്കി സി പി ഐ ദേശീയ ജനറൽ സെക്രട്ടറി ഡി രാജ. സീറ്റ് വിഭജനത്തിൽ ഇൻഡി സഖ്യത്തിലെ സഖ്യകക്ഷികളെ വിശ്വാസത്തിലെടുക്കാത്തതിനാണ് കോൺഗ്രസിനെ സിപിഐ ജനറൽ സെക്രട്ടറി ഡി രാജ രൂക്ഷമായി വിമർശിച്ചത്.
ബിജെപി തങ്ങളുടെ സഖ്യകക്ഷികളെ ഒതുക്കുകയാണെന്നും തങ്ങളുടെ സ്ഥാനാർത്ഥികളെ സഖ്യകക്ഷി സ്ഥാനാർത്ഥികളാക്കാൻ ബിജെപി നിർബന്ധിക്കുകയാണെന്നും, ഇതിന് ജനങ്ങൾ ഉത്തരം നൽകുമെന്നും രമേശ് ചെന്നിത്തല ബുധനാഴ്ച പറഞ്ഞിരുന്നു. നിലവിൽ കോൺഗ്രസ്സിന്റെ മഹാരാഷ്ട്ര ചുമതലയുള്ള നേതാവാണ് രമേശ് ചെന്നിത്തല. ഇതിനു മറുപടിയായാണ്, ബി ജെ പി യെ വിമർശിക്കുന്നതിനു പകരം ആദ്യം കോൺഗ്രസ് സ്വന്തം കാര്യം നോക്കണമെന്ന് ഡി രാജ തുറന്നടിച്ചത്.
“ബിജെപിയെ ചോദ്യം ചെയ്യുന്നതിനു പകരം കോൺഗ്രസ് സ്വയം ചോദ്യം ചെയ്യണം. അർത്ഥവത്തായ സീറ്റ് വിഭജന ക്രമീകരണത്തിൽ ഏർപ്പെടാൻ ഇന്ത്യൻ സഖ്യത്തിലെ കക്ഷികൾക്ക് പരസ്പര വിശ്വാസമുണ്ടായിരിക്കണം. അങ്ങനെയാണോ കോൺഗ്രസ് ചെയ്യുന്നതെന്ന് അവർ ഗൗരവമായി തന്നെ സ്വയം ആലോചിക്കണം” ഡി രാജ പറഞ്ഞു
ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് കോൺഗ്രസ് പാർട്ടിയുടെ നിലപാടിൽ ഡി രാജ വളരെയധികം അസ്വസ്ഥനായിരുന്നു. ഇന്ത്യയുടെ സഖ്യകക്ഷികൾക്ക് ഹരിയാനയിൽ ഒരു അസംബ്ലി സീറ്റ് നൽകുമെന്ന് കോൺഗ്രസ് വാഗ്ദാനം ചെയ്തെങ്കിലും അവസാന നിമിഷം സീറ്റ് നിഷേധിച്ചെന്ന് സിപിഐ വൃത്തങ്ങൾ വെളിപ്പെടുത്തിയിരുന്നു.
Discussion about this post