ഭോപ്പാൽ : മധ്യപ്രദേശിലെ ബാന്ധവ്ഗഡ് കടുവാ സങ്കേതത്തിൽ ഒൻപത് ആനകളുടെ മരണത്തിന് ഇടയാക്കിയ സംഭവത്തിൽ ആശങ്ക ഉന്നയിച്ച് അധികൃതർ. വരക് ധാന്യത്തിൽ നിന്നുള്ള വിഷബാധയാണോ ആനകളുടെ മരണത്തിന് കാരണമെന്നാണ് സംശയമുയർന്നിരിക്കുന്നത്. ചരിഞ്ഞ ആനകളുടെ പോസ്റ്റ്മോർട്ടത്തിനു ശേഷമുള്ള ഫോറൻസിക് ഫലങ്ങൾക്കായി കാത്തിരിക്കുകയാണെന്ന് വനം വകുപ്പ് അറിയിച്ചു.
13 ആനകൾ ഉൾപ്പെട്ടിരുന്ന ഒരു കൂട്ടത്തിലെ 9 ആനകളാണ് ഇതുവരെ ചരിഞ്ഞത്. ആദ്യം നാല് ആനകളെ ആയിരുന്നു ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. തുടർന്ന് വനം വകുപ്പ് അധികൃതർ പരിശോധിച്ചപ്പോൾ മറ്റ് നാലു ആനകൾ കൂടി അസുഖബാധിതരായി കാണപ്പെട്ടു. ഇതുവരെ 9 ആനകൾ ചരിയുകയും ഒരു അന ഗുരുതരാവസ്ഥയിൽ തുടരുകയും ചെയ്യുന്നുണ്ട്.
ആനക്കൂട്ടത്തിലെ രണ്ട് ആനകൾ പൂർണമായും സുഖം പ്രാപിച്ചതായി വനം വകുപ്പ് അധികൃതർ വ്യക്തമാക്കി. വരകിൽ നിന്നുള്ള ഭക്ഷ്യവിഷബാധ സംശയിക്കുന്നതായി വനം വകുപ്പ് സൂചിപ്പിക്കുന്നു. ഈ പ്രദേശത്ത് ആനകൾ കൂടുതലായി എത്തുന്ന പ്രദേശങ്ങളിൽ നിന്നുള്ള നെല്ല്, വരക് , വെള്ളം എന്നിവയുടെ സാമ്പിളുകൾ ജബൽപൂരിലെ സ്‌കൂൾ ഓഫ് വൈൽഡ്‌ലൈഫ് ഫോറൻസിക്‌സ് ആൻഡ് ഹെൽത്തിലെ ഉദ്യോഗസ്ഥർ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. ഫോറൻസിക് ഫലം വരുന്നതോടുകൂടി കൂടുതൽ വിവരങ്ങൾ വ്യക്തമാകും എന്നാണ് അധികൃതർ അറിയിക്കുന്നത്.
Discussion about this post