പ്രമേഹം. ഇന്നത്തെ കാലത്ത് നമ്മൾ വളരെയധികം തവണ കേൾക്കുന്ന ഒരു രോഗമാണ്. മധരും കൂടുതൽ കഴിക്കുന്നത് കൊണ്ട് മാത്രമല്ല പ്രമേഹം നമുക്ക് പിടിപെടുക. ജീവിതശൈലി കൊണ്ടും നാം പ്രമേഹരോഗിയാവാം. വളരെക്കാലം നീണ്ടുനിൽക്കുന്ന ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് (ഹൈപ്പർ ഗ്ലൈസീമിയ) ആണ് പ്രമേഹം എന്ന അവസ്ഥ. ഇടയ്ക്കിടെയുള്ള മൂത്രമൊഴിക്കൽ, വർദ്ധിച്ച ദാഹവും വിശപ്പും ക്ഷീണം, മധുരത്തോട് ആസക്തി, മുറിവുണങ്ങാൻ താമസം, ലൈംഗികശേഷിക്കുറവ്, ലൈംഗിക താല്പര്യക്കുറവ് എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
പ്രമേഹത്തിന്റെ ലക്ഷണങ്ങളെ കുറിച്ച് കൂടുതലറിഞ്ഞാലോ?
മുഖത്തും കഴുത്തിലുമായി കറുപ്പ് കണ്ടാൽ അവഗണിക്കാനേ പാടില്ല. ടൈപ്പ് 2 പ്രമേഹമുള്ളവരിലാണ് ഈ ലക്ഷണം കാണുക. ശരീരത്തിൽ അധിക ഇൻസുലിൻ അടിഞ്ഞു കൂടുന്നുവെന്നതിന്റെ സൂചനയാണിത്. കക്ഷത്തിലും ഈ പാടുകൾ ചിലപ്പോൾ കാണാനാകും. പ്രമേഹമുള്ള ആളുകൾക്ക് പെട്ടെന്ന് ഭാരക്കുറവ് ഉണ്ടാകുന്നു. ശരീരത്തിന് ഇൻസുലിൻ ശരിയായി ഉത്പാദിപ്പിക്കാൻ കഴിയുന്നില്ലെങ്കിൽ, കോശങ്ങൾക്ക് ഊർജത്തിനായി ഉപയോഗിക്കുന്നതിന് ആവശ്യമായ ഗ്ലൂക്കോസ് ലഭിക്കില്ല. അതിനാൽ ശരീരം ഊർജത്തിനായി കൊഴുപ്പ് എരിച്ചു കളയാൻ തുടങ്ങുന്നു. ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് കണ്ണുകളെ ആരോഗ്യത്തെ ബാധിക്കാം. അത് കാഴ്ച മങ്ങുന്നതിലേക്ക് നയിക്കുകയും ചെയ്യും. ഡയബറ്റിക് റെറ്റിനോപ്പതി എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്. വളരെക്കാലമായി പ്രമേഹമുള്ളവർക്ക് സാധാരണ വ്യക്തികളെ അപേക്ഷിച്ച് കൂടുതൽ നേരം ഭക്ഷണം വയറ്റിൽ സൂക്ഷിക്കേണ്ടി വരും. ഇത് വിശപ്പില്ലായ്മയ്ക്കും ഓക്കാനം എന്നിവയ്ക്കും കാരണമാകുന്നു.
പ്രമേഹം ചിലപ്പോൾ വളർച്ചാ ഹോർമോണിന്റെ അമിതമായ അവസ്ഥയ്ക്ക് കാരണമാകാം. അക്രോമെഗാലി എന്നാണിതിനെ പറയുന്നത്. രോഗികളിൽ സാധാരണയായി മുഖത്തിന്റെ സവിശേഷതകളിൽ മാറ്റം വരുത്തുകയും പാദരക്ഷകളുടെ വലുപ്പം വർദ്ധിക്കുകയും ചെയ്യുന്നു.
പ്രമേഹം മൂലം നമ്മുടെ ചർമ്മത്തിലും പലതരം മാറ്റങ്ങൾ ഉണ്ടാകുന്നു. പ്രമേഹരോഗികളിൽ നിർജ്ജലീകരണം മൂലം വരണ്ട അനുഭവം ഉണ്ടാകാറുണ്ട്. ഈർപ്പത്തിന്റെ ഈ അഭാവം ചർമ്മത്തിൽ ചുളിവുകളും, വിണ്ടു കീറലും ഉണ്ടാക്കിയേക്കാം. ഇങ്ങനെ ഉണ്ടാകുന്ന മുറിവുകൾക്ക് കൃത്യമായ പരിചരണം ലഭിച്ചില്ലെങ്കിൽ അവ വഷളാവാനുള്ള സാധ്യതയുണ്ട്.
ഉയർന്ന പഞ്ചസാരയുടെ അളവ് രോഗപ്രതിരോധ സംവിധാനത്തെയും ബാധിക്കുന്നു. ദുർബലമായ പ്രതിരോധ ശേഷി ബാക്ടീരിയൽ, ഫംഗൽ, അണുബാധക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. വളരെ ദുർബലവും നേർത്തതുമായ ചർമ്മ ഭാഗങ്ങളിലായിരിക്കും ഇവ ഉണ്ടാവുക. യോനി ഭാഗങ്ങളിൽ ഉണ്ടാകുന്ന യീസ്റ്റ് അണുബാധകൾ ഇതിന്റെ ഫലമായിരിക്കാം. ശരീരത്തിലുണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങൾ മൂലം ചിലരിൽ മുഖക്കുരു പ്രത്യക്ഷപ്പെടാറുണ്ട്. എന്നാൽ, നിങ്ങൾക്ക് പ്രമേഹം വരാൻ സാധ്യത ഉണ്ടെങ്കിലും ഇത്തരത്തിൽ മുഖക്കുരു പ്രത്യക്ഷപ്പെടാം. മുഖത്ത് നല്ല വലിയ കുരുക്കൾ വരുന്നതും, പഴുപ്പ് നിറഞ്ഞ കുരുക്കൾ മുഖത്ത് പതിവാകുന്നതുമെല്ലാം പ്രമേഹത്തിന്റെ പ്രാരംഭ ലക്ഷണങ്ങളിൽ ഒന്നാണ്.
അമിതമായി ശരീര ദുർഗന്ധം ഉണ്ടാകുന്നത് പ്രമേഹത്തിന്റെ ലക്ഷണങ്ങളിൽ ഉൾപ്പെടുത്താം. കഴുത്ത്, കക്ഷം, ഞരമ്പ് തുടങ്ങി ശരീരത്തിൽ മറ്റെവിടെയെങ്കിലുമോ കാണപ്പെടുന്ന കറുത്ത പാടുകൾ അല്ലെങ്കിൽ അൽപ്പം കട്ടിയുള്ള തിളങ്ങുന്ന ചർമ്മം പ്രമേഹം വരാനുള്ള സാധ്യതയെ ആകാം കാണിക്കുന്നത്. ഇത്തരം ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ സമയം വൈകിക്കാതെ ആരോഗ്യവിദഗ്ധനെ കാണിക്കുന്നതാവും ഉചിതം.
Discussion about this post