ഇരിക്കുന്ന രീതി നല്ലതല്ലെങ്കില്‍ കാത്തിരിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളെന്ന് വിദഗ്ധര്‍. ഇന്നത്തെ കാലത്ത് ദിവസവും മണിക്കൂറുകളോളമാണ് ഇരുന്ന് ജോലി ചെയ്യേണ്ടി വരുന്നത്. എന്നാല്‍ ഈ സമയത്ത് ഇരിപ്പിന്റെ രീതി എങ്ങനെയാണെന്ന് പലരും ശ്രദ്ധിക്കാറില്ല. നടു വളച്ച് കഴുത്ത് താഴ്ത്തി മണിക്കൂറുകളോളം ഇരിക്കുന്നതിന്റെയും കിടക്കുന്നതിന്റെ ഫലമായി വലിയ ആരോഗ്യ പ്രശ്‌നങ്ങളാണ് ഉണ്ടാകുന്നത്.
ഇതുസംബന്ധിച്ച് അടുത്തിടെ അമേരിക്കന്‍ സംരംഭകനായ ബ്രയാന്‍ ജോണ്‍സണ്‍ തന്റെ എക്‌സില്‍ പങ്കുവെച്ച ഒരു പോസ്റ്റ് ചര്‍ച്ചയായിരുന്നു. തന്റെ മോശം പോസ്ചര്‍ തലച്ചോറിനെ പതിയെ കൊന്നുകൊണ്ടിരിക്കുകയായിരുന്നു എന്നാണ് അദ്ദേഹം കുറിച്ചത്. എംആര്‍ഐ സ്‌കാനിലൂടെയാണ് ഇതിന്റെ അപകട സാധ്യതയെ കുറിച്ച് തിരിച്ചറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
മോശം പോസ്ചര്‍ കാരണം തലച്ചോറില്‍ നിന്ന് ഹൃദയത്തിലേക്കുള്ള രക്തയോട്ടം തടസപ്പെട്ടിരുന്നതായി കണ്ടെത്തി. തുടര്‍ന്ന് വ്യായാമങ്ങളും പരിശീലനങ്ങളും ചെയ്ത് ഇപ്പോള്‍ അവസ്ഥ മെച്ചപ്പെട്ടുവെന്നും അദ്ദേഹം പറയുന്നു.
എന്നാല്‍ മോശം പോസ്ചര്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കാമെങ്കിലും തലച്ചോറുമായി നേരിട്ട് ബന്ധമുള്ളതായി ഇതുവരെ പഠനങ്ങള്‍ തെളിയിട്ടില്ലെന്ന് മുംബൈയിലെ വോക്കാര്‍ഡ് ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്റും ഇന്റര്‍വെന്‍ഷണല്‍ ന്യൂറോളജിസ്റ്റും ആയ ഡോ. പവന്‍ പൈ വ്യക്തമാക്കുന്നുണ്ട്.. മോശം പോസ്ചര്‍ കഴുത്തിലെ പേശികളില്‍ ആയാസം ഉണ്ടാക്കാം. ഇത് കഴുത്ത് വേദന, തലവേദന, കഴുത്ത് ചലിപ്പിക്കാന്‍ ബുദ്ധിമുട്ട് എന്നിവ ഉണ്ടാക്കാം. എന്നാല്‍ ഇതിന് തലച്ചോറുമായി നേരിട്ട് ബന്ധമുണ്ടെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ പല വിദഗ്ധരും തലച്ചോറിന് പ്രശ്‌നമുണ്ടാകും എന്നകാര്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ്.
Discussion about this post