ഇസ്ലാമാബാദ്: പാകിസ്താനിൽ വീണ്ടും ഭീകരാക്രമണം. അഞ്ച് വിദ്യാർത്ഥികൾ ഉൾപ്പെടെ ഏഴ് പേർ കൊല്ലപ്പെട്ടു. ബലൂചിസ്ഥാൻ പ്രവിശ്യയിലെ മസ്തുംഗ് ജില്ലയിലാണ് സംഭവം. താലിബാൻ ഭീകരരാണ് സംഭവത്തിന് പിന്നിൽ എന്നാണ് സൂചന.
രാവിലെയോടെയായിരുന്നു സംഭവം. പാകിസ്താൻ പോലീസിന്റെ ഔദ്യോഗിക വാഹനത്തിന് നേരെയായിരുന്നു ആക്രമണം ഉണ്ടായത്. സിവിൽ ഹോസ്പിറ്റൽ ചൗക്കിന് സമീപത്തെ ഗേൾസ് ഹൈസ്‌കൂളിന് സമീപത്തുവച്ചായിരുന്നു സംഭവം ഉണ്ടായത്. റിമോർട്ട് കൺട്രോളർ ഉപയോഗിച്ചുള്ള ബോംബ് സ്‌ഫോടനമാണ് ഉണ്ടായത്.
കുട്ടികളെ നിരീക്ഷിക്കുന്നതിന് വേണ്ടി സ്‌കൂളിൽ എത്തിയതായിരുന്നു പോലീസ് സംഘം. സ്‌കൂൾ ഗേറ്റിന് സമീപമായിരുന്നു ഇവർ വാഹനം പാർക്ക് ചെയ്തത്. എന്നാൽ ഇവർ എത്തുന്നതിന് മുന്നോടിയായി ഭീകരർ ഐഇഡി നിറച്ച മോട്ടോർ സൈക്കിൾ ഇവിടെ സ്ഥാപിക്കുകയായിരുന്നു. പോലീസ് സംഘം വാഹനം പാർക്ക് ചെയ്ത് അൽപ്പ നേരത്തിന് ശേഷം ഈ മോട്ടോർ സൈക്കിൾ പൊട്ടിത്തെറിയ്ക്കുകയായിരുന്നു.
രാവിലെ ആയതിനാൽ കുട്ടികൾ കൂട്ടത്തോടെ സ്‌കൂളിലേക്ക് എത്തുന്ന സമയം ആയിരുന്നു. ഇതാണ് ആൾനാശത്തിന് കാരണം ആയത്. കുട്ടികൾക്ക് പുറമേ പോലീസുകാരനും പ്രദേശവാസിയും കൊല്ലപ്പെട്ടു. 17 പേർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. സ്‌ഫോടനത്തിൽ പ്രദേശത്ത് നിർത്തിയിട്ടിരുന്ന നിരവധി വാഹനങ്ങൾ കത്തിനശിച്ചു.
Discussion about this post