ദില്ലി: സൂര്യനിൽ എന്തുകൊണ്ടാണ് സൗരക്കൊടുങ്കാറ്റുകൾ ഉണ്ടാകുന്നതെന്നറിയാനായി ലഡാക്കിൽ നാഷണൽ ലാർജ് സോളാർ ടെലിസ്കോപ്പ് (എൻഎൽഎസ്ടി) സ്ഥാപിക്കാനൊരുങ്ങി ഭാരതം . ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സ് (IIA) ഡയറക്ടർ പ്രൊഫസർ അന്നപൂർണി സുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിലാണ് നിര്ണ്ണായകമായ പദ്ധതി ഒരുങ്ങുന്നത്. പദ്ധതിക്ക് അന്തിമ അനുമതി മാത്രമേ ആവശ്യമുള്ളൂവെന്നും ബാക്കിയെല്ലാം പൂർത്തിയായെന്നും അന്നപൂർണി സുബ്രമണ്യം വ്യക്തമാക്കി.
ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ആസ്ട്രോ ഫിസിക്സിന്റെ അഭിപ്രായത്തിൽ, നാഷണൽ ലാർജ് സോളാർ ടെലിസ്കോപ്പ് രണ്ട് മീറ്റർ ക്ലാസ് ഒപ്റ്റിക്കൽ, ഇൻഫ്രാ-റെഡ് (ഐആർ) നിരീക്ഷണ സംവിധാനമായിരിക്കും . സൗര കാന്തിക മണ്ഡലങ്ങളുടെ ഉത്ഭവവും ചലനാത്മകതയും സംബന്ധിച്ച സുപ്രധാന ശാസ്ത്ര പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്നതിനാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
സൂര്യനിൽ നിന്നും സാധാരണയായി പുറത്തേക്ക് വമിക്കുന്ന സൗര കൊടുങ്കാറ്റുകൾ കോടിക്കണക്കിന് ടൺ പ്ലാസ്മയെയും അതുമായി ബന്ധപ്പെട്ട കാന്തികക്ഷേത്രങ്ങളെയും സൂര്യനിൽ നിന്ന് ബഹിരാകാശത്തേക്ക് പുറന്തള്ളുന്നുണ്ട്. അവയിൽ ചിലത് ഭൂമിയിൽ ഭൗമ കാന്തിക കൊടുങ്കാറ്റുകൾക്ക് തന്നെ കാരണമായേക്കാം. ഇത് ഭൂമിയിലെ ചില സേവനങ്ങളെ പ്രതികൂലമായി ബാധിക്കാനുള്ള സാധ്യതയുണ്ട് .
തീവ്ര ഭൂകാന്തിക കൊടുങ്കാറ്റുകൾക്ക് ഭൂമിയിലെ ബഹിരാകാശ-ഉപകാരണങ്ങളെയും റേഡിയോ ആശയവിനിമയം, ജിപിഎസ് സിഗ്നലുകൾ തുടങ്ങിയവ തടസ്സപ്പെടുത്താൻ സാധിക്കും. അത് കൊണ്ട് തന്നെ ഇവയെ കുറിച്ച് കൂടുതൽ അറിയുകയും വേണ്ട മുന്നറിയിപ്പ് സംവിധാനങ്ങൾ ഒരുക്കുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്.
Discussion about this post