വിദ്യാഭ്യാസപരമായി ഏറെ മുന്നിലാണ് ഇന്നത്തെ തലമുറയെങ്കിലും ലൈംഗികവിദ്യാഭ്യാസത്തിൽ ഇന്നും 19 ാം നൂറ്റാണ്ടിൽ തന്നെ നിൽക്കുകയാണ് നമ്മുടെ സമൂഹത്തിലെ പലരും. കൃത്യമായ ലൈംഗികവിദ്യാഭ്യാസം ലഭിക്കാത്തവർ പല അപകടങ്ങളിലും ചെന്ന് ചാടുന്നു. കുട്ടികൾക്ക് സ്വന്തം ശരീരത്തെപ്പറ്റി ആരോഗ്യകരമായ അറിവുകൾ ഉണ്ടാകുന്നതിനും അപകടകരമായ പെരുമാറ്റങ്ങൾ കുറയ്ക്കുന്നതിനും ആരോഗ്യകരമായ ബന്ധങ്ങൾ കെച്ചിപ്പടുക്കുന്നതിനും സമഗ്രമായ ലൈംഗിക വിദ്യാഭ്യാസം നിർണായകമാണ്. ആധുനിക ലോകത്തിന്റെ സങ്കീർണതകളെ അഭിമുഖീകരിക്കാൻ കുട്ടികളെ ഒരുക്കുന്നതിന് ലൈംഗികതയെ പരസ്യമായും പ്രായത്തിനനുസരിച്ചും അഭിസംബോധന ചെയ്യേണ്ടതിന്റെ പ്രാധാന്യം മാതാപിതാക്കൾ തിരിച്ചറിയണം.
ഇപ്പോഴിതാ യുവാക്കൾക്കിടയിൽ ലൈംഗികവിദ്യാഭ്യാസത്തിലെ അജ്ഞത എത്രത്തോളമുണ്ടെന്ന് പറയുകയാണ് ജോർജ് സ്റ്റീഫൻ. അദ്ദേഹത്തിന്റെ ഒരു അനുഭവക്കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. സുഹൃത്തുമായി ശാരീരികബന്ധത്തിൽപ്പെട്ട യുവാവിന്റെ ആകുലതയും കാമുകി ഗർഭിണിയാവുന്നത് ഒഴിവാക്കാൻ എന്ത് ചെയ്യണമെന്ന സംശയവുമാണ് യുവാവ് ജോർജ് സ്റ്റീഫനോട് ചോദിച്ചതത്രേ, അതിന് അദ്ദേഹം നൽകിയ മറുപടിയും പിന്നീട് ഉണ്ടായ സംഭവവികാസങ്ങളുമാണ് കുറിപ്പിൽ
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
പൊതുജന താല്പര്യാർത്ഥം പ്രസിദ്ധപ്പെടുത്തുന്നത്…????
കഴിഞ്ഞ മാസം ഒരു കോളേജ് പയ്യൻ ഇൻബോക്‌സിൽ വന്നു ഫോൺ നമ്പർ ഒക്കെ വാങ്ങി. എന്തോ അത്യാവശ്യം ആണത്രേ.
കാര്യം അവനും കൂടെ പഠിക്കുന്ന പെൺകുട്ടിയും ലൈംഗികമായി ബന്ധപ്പെട്ടു. പെട്ടന്നുള്ള ആവേശത്തിൽ സംഭവിച്ചു പോയതാണ്. ഇപ്പോൾ പെൺകുട്ടി ഗർഭിണി ആകുമോ എന്ന സംശയം ആണ്.
72 മണിക്കൂർ ആയോ എന്ന് ചോദിച്ചപ്പോൾ ആയില്ല എന്നു പറഞ്ഞു. Unwanted 72 / i pill വാങ്ങി കഴിക്കാനും വിഷമിക്കേണ്ട എന്നും സുരക്ഷിതമായ ലൈംഗിക ബന്ധത്തിന്റെ ആവശ്യകതയെക്കുറിച്ചും അല്പം സദാചാര ലൈനിൽ ഉപദേശം കൊടുത്തു.
‘ചേട്ടാ… ഗുളികയ്ക്കു ഭയങ്കര ചെലവാകുമോ..? ‘
എനിക്ക് ഇതുവരെ ആ സാധനം വാങ്ങേണ്ടി വന്നിട്ടില്ലാത്തതു കൊണ്ട് വില ഓൺലൈനിൽ നോക്കി മനസിലാക്കി
‘ഒരു നൂറു രൂപയെ ആവുകയുള്ളൂ… വിഷമിക്കണ്ട’
‘ചേട്ടാ എന്റെ കയ്യിൽ നൂറു രൂപ ഇല്ല… ഞങ്ങൾ ഡിഗ്രി ഫസ്റ്റ് ഇയർ പഠിക്കുവാ…??’
ഞാൻ കുറെ ആലോചിച്ചു. പൊതുവെ പരോപകാര വള്ളിക്കെട്ടുകൾ പിടിക്കാറുണ്ട് എങ്കിലും ഗർഭക്കേസുകൾ എടുക്കാറില്ല. തൊണ്ണൂറു ശതമാനം ഗർഭക്കേസുകളും അബോർഷനിൽ അവസാനിക്കുന്നതിനാലും അതിനെ മാനസികമായി എതിർക്കുന്നതിനാലും ആണത്.
‘ ശരി… ഗൂഗിൾ പേ നമ്പർ താ, ഞാൻ നൂറു രൂപ ഇടാം’ എന്നു പറഞ്ഞു. പയ്യൻ വേറെ ഏതോ ബാങ്ക് അക്കൌണ്ട് ഉള്ള പരിചയക്കാരന്റെ നമ്പർ തന്നു. ഞാൻ പണവും കൊടുത്തു.
ആ സംഭവം അങ്ങനെ കഴിഞ്ഞു എന്നു വിചാരിച്ചതാണ്. ഇപ്പോൾ ഇതാ ആ കേസ് വീണ്ടും വന്നിരിക്കുന്നു. പെൺകുട്ടി ഗർഭിണിയാണ്…ഗുയ്‌സ്..
ഇതെങ്ങനെ സംഭവിച്ചു..! പൂർണ്ണമായും ഉറപ്പ് ഒരു ഗുളിക നിർമ്മാണ കമ്പനിയും നൽകുന്നില്ല.
പെൺകുട്ടിയോട് അനുപമയെ ഒന്നു വിളിക്കൂ ഗുളിക കഴിച്ച സമയം., അതിനു ശേഷമുണ്ടായ മാറ്റങ്ങൾ., ഇപ്പോൾ ഗർഭിണി ആണെന്ന് എങ്ങനെ ഉറപ്പിച്ചു എന്നീ കാര്യങ്ങൾ സംസാരിക്കാൻ പറഞ്ഞു. രണ്ടാം കക്ഷി അപരിചിത ആയതിനാൽ സംസാരം സ്ത്രീകൾ തമ്മിൽ ആവട്ടെ എന്നു വിചാരിച്ചു.
‘ ചേട്ടാ… ചതിക്കല്ലേ, ഗുളിക കഴിച്ചത് പെണ്ണല്ല, ഞാനാണ്…??’
തലയ്ക്ക് അടിയേറ്റതു പോലെ ഞാൻ ഇരുന്നു. ആര് ആരെയാണ് ചതിച്ചത്. i pill കമ്പനിക്കാർ എന്നോട് ക്ഷമിക്കണം. i pill കഴിച്ച പുരുഷന് സംഭവിക്കുന്ന ശാരീരിക മാനസിക വൈക്ലബ്യങ്ങൾ ഒരു ഗവേഷണ സാധ്യതയുള്ള വിഷയം ആയിരുന്നിട്ടും ഞാൻ ആ സാഹചര്യത്തിൽ ഒന്നും ചോദിച്ചില്ല.
ധാർമ്മികമായ ഉത്തരവാദിത്തം ഏറ്റെടുത്ത് എന്റെ സ്വന്തം ചെലവിൽ ഗർഭഛിദ്രം., തുടർന്ന് രണ്ടാഴ്ചത്തേയ്ക്കുള്ള സമീകൃതാഹാരം (പെണ്ണിന് ) മാനസികോല്ലാസത്തിനു ടോംസ് കോമിക്‌സ്., സാനിറ്ററി പാഡുകൾ (മേൽ പറഞ്ഞവയെല്ലാം പെണ്ണിന് മാത്രം, comics and pads for external use only ഇനി അതെങ്ങാനും തിന്നു കഴിഞ്ഞാൽ എനിക്ക് ഉത്തരവാദിത്തം ഏൽക്കാൻ വയ്യ ) എന്നിവ നൽകിക്കൊള്ളാം എന്ന് ഉറപ്പും കൊടുത്തു.
പണി പാലും വെള്ളത്തിലും i pill ലും വരും. എന്നാലും എന്റെ അഭ്യസ്ത വിദ്യനായ കാമുക യുവാവേ…
പ്രിൻസ് ജോൺ..
Discussion about this post