ശ്രീനഗർ : ജമ്മു കശ്മീരിൽ അടുത്തിടെ നടന്ന ഭീകരാക്രമണം ദൗർഭാഗ്യകരമാണെന്ന് വിശേഷിപ്പിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് . സുരക്ഷാ സേനയുടെ ഭാഗത്ത് നിന്ന് സുരക്ഷാ വീഴ്ചയൊന്നും ഉണ്ടായിട്ടില്ല. ഭീകരർക്ക് സുരക്ഷാ സേന തക്കതായ മറുപടി നൽകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. യുപിയിലെ കാൺപൂരിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു രാജ്നാഥ് സിംഗ്.
ഇത് സുരക്ഷാ വീഴ്ചയുടെ പ്രശ്‌നമല്ല. മുൻകാലങ്ങളെ അപേക്ഷിച്ച്, ആക്രമണങ്ങൾ കുറഞ്ഞു. നമ്മുടെ സുരക്ഷാ സേന ജാഗ്രതയിലാണ്, ഭീകരരെ പൂർണ്ണമായും തുടച്ചുനീക്കപ്പെടും, ജെകെ അതിവേഗം വികസിക്കും എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സംഭവിച്ച ആക്രമണങ്ങൾ നിർഭാഗ്യകരമാണ് . നമ്മുടെ സുരക്ഷാ സേനയും ഉചിതമായ മറുപടിയാണ് നൽകുന്നത്. അതിൽ നിരവധി ഭീകരർ കൊല്ലപ്പെട്ടു . ഇന്ന് പുലർച്ചെയാണ് ജമ്മു കാശ്മീരിലെ ശ്രീനഗറിലെ ഖൻയാറിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ നടന്നത്. അതിൽ രണ്ട് ഭീകരരെ സേന വധിച്ചിരുന്നു. പിന്നീടുള്ള തിരച്ചില്ലിൽ രണ്ട് ഭീകരരെ കൂടി വധിച്ചിരുന്നു.
ഷംഗൂസ് ലാർനോയിലെ ഹൾക്കാൻ ഗാനി മേഖലയിൽ ആയിരുന്നു ഏറ്റുമുട്ടൽ നടന്നത്. പ്രദേശത്ത് ഭീകരരുടെ സാന്നിദ്ധ്യം ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ എത്തിയതായിരുന്നു സുരക്ഷാ സേന. ഇതിനിടെ ഭീകരർ ഇവരെ ആക്രമിക്കുകയായിരുന്നു. കൊല്ലപ്പെട്ട രണ്ട് ഭീകരരെയും തിരിച്ചറിയാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഭീകരരിൽ ഒരാൾ കശ്മീർ സ്വദേശിയാണെന്നും രണ്ടാമത്തെയാൾ പാകിസ്താനിയാണെന്നും വ്യക്തമായിട്ടുണ്ട്. മറ്റ് വിശദാംശങ്ങൾ സുരക്ഷാ സേന ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ സുരക്ഷാ സേന പുറത്തുവിട്ടിട്ടില്ല.
Discussion about this post