തൃശ്ശൂർ : തൃശ്ശൂർ പൂരത്തിന്റെ ഭാഗമായുള്ള ജൈവമാലിന്യങ്ങൾ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം ബോർഡുകൾ സ്വന്തമായി സംസ്കരിക്കണമെന്ന് ഉത്തരവ്. തൃശ്ശൂർ ജില്ലാ ഭരണകൂടമാണ് പുതിയ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. ഇതുവരെ കൊച്ചിൻ ദേവസ്വം ബോർഡിന്റെ സ്ഥലത്തായിരുന്നു തൃശൂർ പൂരത്തിനു ശേഷം വരുന്ന ജൈവമാലിന്യങ്ങൾ സംസ്കരിച്ചിരുന്നത്.
കൊച്ചിൻ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള പള്ളിത്താമം മൈതാനത്ത് ഇനി മാലിന്യ സംസ്കരണം നടത്താൻ കഴിയില്ല എന്നാണ് ജില്ലാ ഭരണകൂടം വ്യക്തമാക്കിയിരിക്കുന്നത്. കൊച്ചിൻ ദേവസ്വം ബോർഡിന്റെ നിലപാടിനെ തുടർന്നാണ് മാലിന്യ സംസ്കരണം തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം ബോർഡുകൾ ഏറ്റെടുക്കണമെന്ന് ജില്ലാ ഭരണകൂടം ഉത്തരവിറക്കിയിട്ടുള്ളത്. ഇരു ദേവസ്വങ്ങൾക്കും തൃശ്ശൂർ ജില്ലാ ഭരണകൂടം ഈ ഉത്തരവിന്റെ പകർപ്പ് നൽകിയിട്ടുണ്ട്.
എന്നാൽ ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ് അംഗീകരിക്കാൻ കഴിയുന്നതല്ല എന്നാണ് തിരുവമ്പാടി ദേവസ്വം ബോർഡ് വ്യക്തമാക്കുന്നത്. തൃശ്ശൂർ പൂരത്തിന് ശേഷം വരുന്ന ജൈവമാലിന്യങ്ങൾ സംസ്കരിക്കാനുള്ള സ്ഥലം കണ്ടെത്തുക എന്നുള്ളത് തിരുവമ്പാടി ദേവസ്വം ബോർഡിന് കഴിയാത്ത കാര്യമാണ്. തൃശ്ശൂർ പൂരത്തെ ഇല്ലാതാക്കാനുള്ള മറ്റൊരു നീക്കത്തിന്റെ ഭാഗമാണ് ഈ ഉത്തരവ് എന്നും തിരുവമ്പാടി ദേവസ്വം ബോർഡ് വ്യക്തമാക്കി.
Discussion about this post