ന്യൂഡൽഹി: ശ്വസതടസ്സത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ 14 കാരന്റെ വയറ്റിൽ നിന്നും കണ്ടെടുത്ത വസ്തുക്കൾ കണ്ട് ഞെട്ടി ഡോക്ടർമാർ. ഡൽഹിയിലെ സഫ്ദാർജംഗ് ആശുപത്രിയിലാണ് സംഭവം. കുട്ടിയുടെ വയറ്റിൽ നിന്നും ബാറ്ററി ഉൾപ്പെടെയുള്ള വസ്തുക്കളാണ് കണ്ടെത്തിയത്.
ഉത്തർപ്രദേശ് സ്വദേശിയായ ആദിത്യ ശർമ്മയായിരുന്നു ആശുപത്രിയിൽ ചികിത്സ തേടിയത്. കഴിഞ്ഞ മാസം 13 ന് കുട്ടി ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുള്ളതായി രക്ഷിതാക്കളോട് പറയുകയായിരുന്നു. ഇതേ തുടർന്ന് സമീപത്തെ ആശുപത്രിയിൽ ചികിത്സ തേടി. എന്നാൽ മരുന്ന് നൽകി വീട്ടിലേക്ക് പറഞ്ഞുവിടുകയായിരുന്നു. എന്നാൽ വീണ്ടും പ്രശ്‌നം നേരിട്ടു. ഇതോടെ വീണ്ടും ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ നിർദ്ദേശിക്കുകയായിരുന്നു. ഇത് പ്രകാരം ആശുപത്രിയിൽ എത്തി പരിശോധനകൾ നടത്തി. ഇതിൽ മൂക്കിൽ തടസ്സമുള്ളതായി കാണുകയായിരുന്നു. തുടർന്ന് ചെറിയ ശസ്ത്രക്രിയയിലൂടെ ഇത് നീക്കി.
രണ്ട് ദിവസത്തിന് ശേഷം കുട്ടി വീട്ടിലേക്ക് മടങ്ങി. എന്നാൽ അന്ന് വൈകുന്നേരം കലശലായ വയറ് വേദന കുട്ടിയ്ക്ക് അനുഭവപ്പെടുകയായിരുന്നു. തുടർന്ന് പ്രദേശത്തെ ആശുപത്രിയിൽ ചികിത്സ തേടി. പിന്നീട് ഇവിടെ നിന്നും ഡൽഹിയിലെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇവിടെയെത്തിയ ശേഷം നടത്തിയ സിടി സ്‌കാനിലാണ് വയറിലും നെഞ്ചിലുമായി ചില വസ്തുക്കൾ കണ്ടത്. ഇതോടെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയായിരുന്നു.
ബാറ്ററികൾ, ആണി, മാല, ബ്ലെയ്ഡ് തുടങ്ങി 65 വസ്തുക്കൾ ആണ് കുട്ടിയുടെ ശരീരത്തിൽ ഉണ്ടായിരുന്നത്. അതേസമയം ശസ്ത്രക്രിയ നടത്തിയെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
Discussion about this post